അച്ചടക്കം വേണം, അത്തരം പ്രസ്താവനകളൊന്നും വേണ്ട; രേവന്ത് റെഡ്ഡിക്ക് എഐസിസിയുടെ താക്കീത്, ഇടപെടൽ 'ഹിറ്റ്ലർ പ്രചോദന' പരാമർശത്തിൽ

Published : Jun 10, 2026, 12:37 PM IST
Revanth Reddy Hydra

Synopsis

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഹിറ്റ്ലറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു എന്ന വിവാദ പ്രസ്താവനയിൽ എഐസിസി താക്കീത് നൽകി. ഭാവിയിൽ പ്രസ്താവനകളിൽ അച്ചടക്കം പാലിക്കണമെന്ന് എഐസിസിയുടെ മുന്നറിയിപ്പ്.

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് എഐസിസിയുടെ താക്കീത്. ഹിറ്റ്ലർ അനുകൂല പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് എഐസിസി വ്യക്തമാക്കി. ഭാവിയിൽ പ്രസ്താവനകളിൽ അച്ചടക്കം വേണമെന്ന് മുന്നറിയിപ്പും നൽകി. സംസ്ഥാനത്തെ കയ്യേറ്റം ഒഴിപ്പിക്കാനുള്ള പദ്ധതിക്ക് ഹിറ്റ്ലറുടെ സംഘത്തിന്‍റെ പേരായ ഹൈഡ്ര എന്നാണ് നൽകിയതെന്ന് രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു. സർക്കാർ ഭൂമിയും തണ്ണീർത്തടങ്ങളും കയ്യേറുന്നവർക്കെതിരെ നടപടിയെടുക്കാൻ രൂപീകരിച്ചതാണ് ഹൈഡ്ര എന്ന ദൗത്യസേന. താൻ പ്രചോദനം ഉൾക്കൊണ്ടത് ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലറിൽ നിന്നാണെന്ന രേവന്ത് റെഡ്ഡിയുടെ പരാമർശം വിവാദമായിരുന്നു.

"ഹിറ്റ്‌ലർക്ക് ഏറ്റവും പ്രിയപ്പെട്ട വാക്കാണ് ഹൈഡ്ര. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രഹസ്യ സംഘത്തിന്റെ പേരും ഹൈഡ്ര എന്നായിരുന്നു. ആരെയും കൊലപ്പെടുത്താൻ ശേഷിയുള്ളവരായിരുന്നു അവർ. ഹിറ്റ്‌ലറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഞാൻ ഈ സേനയ്ക്ക് ഹൈഡ്ര എന്ന് പേരിട്ടത്" എന്നാണ് മുതിർന്ന മാധ്യമപ്രവർത്തകൻ എൻ റാമിന് നൽകിയ അഭിമുഖത്തിൽ രേവന്ത് റെഡ്ഡി പറഞ്ഞത്.

പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിനും പൊതുസ്വത്ത് സംരക്ഷിക്കുന്നതിനുമായി 2024 ജൂലൈയിൽ തെലങ്കാന സർക്കാർ രൂപീകരിച്ച പ്രത്യേക ഏജൻസിയാണ് ഹൈഡ്ര അഥവാ ഹൈദരാബാദ് ഡിസാസ്റ്റർ റെസ്‌പോൺസ് ആൻഡ് അസറ്റ് പ്രൊട്ടക്ഷൻ ഏജൻസി. ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷനിലെയും പരിസര പ്രദേശങ്ങളിലെയും തടാകങ്ങളും കുളങ്ങളും സർക്കാർ ഭൂമികളും കയ്യേറുന്നത് തടയുകയാണ് ഈ സേനയുടെ പ്രധാന ചുമതല. ഈ ടാസ്ക് ഫോഴ്സിന്റെ പ്രവർത്തനങ്ങൾക്കായി 3000 മുൻ സൈനികരെയും സർക്കാർ നിയോഗിച്ചിട്ടുണ്ടെന്നും അഭിമുഖത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഹൈദരാബാദിൽ ജലാശയങ്ങൾ കയ്യേറാൻ ആർക്കും ധൈര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉൾപ്പെടെയുള്ളവർ രേവന്ത് റെഡ്ഡിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. പരാമര്‍ശം അങ്ങേയറ്റം ഞെട്ടിക്കുന്നതാണെന്നും മുഖ്യമന്ത്രിയെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത് പഴയ സംഘപരിവാര്‍ പശ്ചാത്തലമാണെന്നും പിണറായി വിജയന്‍ കുറിച്ചു. ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റിനെ പരസ്യമായി ആരാധിക്കുന്ന ഒരു മുഖ്യമന്ത്രി കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് സ്വന്തമായുണ്ട് എന്നത് ലജ്ജാകരമാണ്. കേവലമൊരു നാക്കുപിഴയായി കാണാന്‍ കഴിയില്ല. കോണ്‍ഗ്രസ്സിന്റെ യഥാര്‍ത്ഥ രാഷ്ട്രീയ സ്വഭാവം തന്നെയാണ് രേവന്ത് റെഡ്ഡിയുടെ വാക്കുകളിലൂടെ പുറത്തു ചാടിയതെന്നും പിണറായി വിമർശിച്ചു. പിന്നാലെ എഐസിസി നേതൃത്വം തന്നെ രേവന്ത് റെഡ്ഡിക്ക് താക്കീത് നൽകിയിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തൃണമൂൽ കോൺഗ്രസ് എംപി സുഷ്മിത ദേവ് രാജ്യസഭാം അംഗത്വം രാജിവെച്ചു, ബിജെപിയിലേക്കെന്ന് സൂചന; മമതക്ക് വീണ്ടും തിരിച്ചടി
4,399 ദിവസങ്ങൾ, ചരിത്രം കുറിച്ച് മുന്നോട്ട്! തുടർച്ചയായി കൂടുതൽ കാലം പ്രധാനമന്ത്രി പദവി; റെക്കോർഡ് തിരുത്തി നരേന്ദ്ര മോദി