
ദില്ലി: എറണാകുളം ജില്ലയിലെ കീരംമ്പാറ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ സ്ഥാനാർത്ഥിയായിരുന്ന ഷീബാ ജോർജ്ജിനെ അയോഗ്യയാക്കിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജിയിൽ സൂപ്രീം കോടതി നോട്ടീസ്. കീരംമ്പാറ ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.
യു ഡി എഫ്, എൽ ഡി.എഫ് മുന്നണികൾക്ക് ആറ് വീതം തുല്യ അംഗങ്ങൾ. എന്നാൽ ആറാം വാർഡിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ഷീബാ ജോർജ് ഇരു മുന്നണികളെയും പരാജയപ്പെടുത്തി വിജയിച്ചു. ഇതോടെ എൽ ഡി എഫിന് പിന്തുണ നൽകി വൈസ് പ്രസിഡന്റായി ഷീബ ജോർജ് അധികാരമേറ്റു. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച ഷീബാ ജോർജ് എൽ ഡി എഫ് മുന്നണിയിൽ അംഗമായി സത്യ പ്രതിജ്ഞ ചെയ്തത് ചോദ്യം ചെയ്ത് പഞ്ചായത്തംഗവും, കോൺഗ്രസ് നേതാവുമായ മാമച്ചൻ ജോസഫ് എലിച്ചിറ ഇലക്ഷൻ കമ്മീഷനെ സമീപിച്ചു.
മാമച്ചൻ ജോസഫിന്റെ പരാതിയിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഷീബാ ജോർജിനെ അയോഗ്യയായി പ്രഖ്യാപിച്ചു. ഇതിനെ ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതിയും തള്ളിയതോടെയാണ് ഷീബാ സുപ്രീം കോടതിയെ സമീപിച്ചത്. യുഡിഎഫിനെയും എൽഡിഎഫിനെയും മത്സരിച്ച് തോൽപിച്ച താൻ എൽഡിഎഫ് പിന്തുണയോടെ വൈസ് പ്രസിഡന്റ് ആയെന്നും തെരഞ്ഞെടുപ്പിന് ശേഷം നൽകിയ സാക്ഷ്യപത്രത്തിൽ ഈക്കാര്യം കരുതി തെറ്റായി എൽഡിഎഫ് എന്ന് രേഖപ്പെടുത്തിയതാണെന്നും സുപ്രീം കോടതിയെ അറിയിച്ചു.
എന്നാൽ തെരഞ്ഞടുപ്പ് കമ്മീഷന്റെ സമഗ്രമായ ഉത്തരവിനെയാണ് ഹർജിക്കാരി ചോദ്യം ചെയ്യുന്നതെന്ന് എതിർകക്ഷിയായ മാമച്ചൻ ജോസഫിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇരു വാദങ്ങളും കേട്ട ജസ്റ്റിസ് അനിരുദ്ധ ബോസ്, ജെ ബി പർദ്ദിവാലാ എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയക്കുകയായിരുന്നു.
ഹർജിക്കാരിയായ ഷീബാ ജോർജ്ജിനായി മുതിർന്ന് അഭിഭാഷകൻ വിവേക് ചിബ്, ദിലീപ് പുളക്കോട്ട് എന്നിവർ ഹാജരായി. മാമച്ചൻ ജോസഫിനായി അഭിഭാഷകരായ കുര്യാക്കോസ് വർഗീസ്, മാത്യു കുഴൽനാടൻ, ശ്യാം മോഹനൻ എന്നിവർ ഹാജരായി. കേസിൽ കോടതി പിന്നീട് വിശദവാദം കേൾക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam