
ഭോപ്പാൽ: ദീപാവലി ആഘോഷത്തിനിടെ കാർബൈഡ് ഗൺ ഉപയോഗിച്ച് പടക്കം പൊട്ടിച്ച കുട്ടികൾക്ക് കണ്ണിന് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്. മധ്യപ്രദേശിലെ വിദിഷ ജില്ലയിലാണ് സംഭവം. സർക്കാർ നിരോധിച്ച തോക്ക് ചന്തയിൽ നിന്ന് വാങ്ങി ദീപാവലി ആഘോഷത്തിനുപയോഗിച്ചതാണ് ദുരന്തത്തിന് കാരണമായത്. മൂന്ന് ദിവസം കൊണ്ട് 122 കുട്ടികൾ പരിക്കേറ്റ് ആശുപത്രിയിലെത്തി. ഇവരിൽ 14 പേർക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
150 രൂപയും 200 രൂപയും വില നൽകിയാണ് പലരും കുട്ടികൾക്ക് ഉപയോഗിക്കാനാവുന്ന കളിപ്പാട്ടമെന്ന് കരുതി കാർബൈഡ് ഗൺ വാങ്ങിയത്. എന്നാൽ ബോംബിന് സമാനമായ നിലയിലാണ് ഇവ പൊട്ടിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഭവത്തിന് പിന്നാലെ അനധികൃതമായി ഈ വെടിക്കോപ്പ് വിറ്റ് ആറ് കച്ചവടക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഭോപ്പാൽ, ഇൻഡോർ, ജബൽപൂർ, ഗ്വാളിയോർ എന്നിവിടങ്ങളിലെല്ലാം ആശുപത്രികളിലെ നേത്രവിഭാഗം കുട്ടികളായ രോഗികളെ കൊണ്ട് നിറഞ്ഞ അവസ്ഥയിലാണ്. ഇത് കളിപ്പാട്ടമല്ലെന്നും സ്ഫോടകവസ്‌തുവാണെന്നും ഡോക്‌ടർമാരും പൊലീസും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കാർബൈഡ് ഗൺ വഴിയുള്ള പൊട്ടിത്തെറിയിൽ ചെറു ലോഹ കഷണങ്ങളും കാർബൈഡ് വാതകവും പുറന്തള്ളപ്പെടും. ഇത് കണ്ണിൻ്റെ റെറ്റിനയെ കരിച്ചുകളയുമെന്നാണ് ഡോക്ടർമാർ പറയുന്നത്. പ്ലാസ്റ്റിക്, ടിൻ പൈപ്പ്, വെടിമരുന്ന് തീപ്പട്ടിക്കൊള്ളിയുടെ മരുന്ന്, കാത്സ്യം കാർബൈഡ് തുടങ്ങിയവ ഉപയോഗിച്ചാണ് ഇവ നിർമിക്കുന്നത്. പൊട്ടിത്തെറിയെ തുടർന്ന് പുറന്തള്ളപ്പെടുന്ന അതിവേഗം കത്തിപ്പിടിക്കുന്ന വാതകത്തിലേക്ക് തീയാളുകയും ഇത് മുഖത്തടക്കം പരിക്കേൽപ്പിക്കുകയും ചെയ്യും. യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് ഇവ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ഇൻസ്റ്റ റീൽസും, യൂട്യൂബ് വീഡിയോകളും കണ്ടാണ് ജനം ഇത് വാങ്ങുന്നതെന്നും പൊലീസ് കുറ്റപ്പെടുത്തുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam