ഡി കെ ശിവകുമാറിന് വീണ്ടും കുരുക്കിട്ട് ഇഡി; ജോഡോ യാത്രക്കിടെ ഹാജരാകാന്‍ നോട്ടീസ്

By Web TeamFirst Published Sep 15, 2022, 4:19 PM IST
Highlights

ഏജൻസിയുമായി സഹകരിക്കാൻ തയ്യാറാണെന്നും എന്നാൽ സമൻസ് അയച്ച സമയം ഭരണഘടനാപരവും രാഷ്ട്രീയവുമായ ചുമതലകൾ നിർവഹിക്കുന്നതിന് തടസ്സമാകുകയാണെന്നും ശിവകുമാർ പറഞ്ഞു.

ബെംഗളൂരു കര്‍ണാടക കോൺഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന് വീണ്ടും നോട്ടീസ് അയച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് ശിവകുമാറിനെതിരെ ഇഡി സമന്‍സ് അയച്ചത്.  ഏജൻസിക്ക് മുന്നിൽ ഹാജരാകാൻ ഇഡിയില്‍ നിന്ന് പുതിയ സമൻസ് ലഭിച്ചതായി ഡികെ ശിവകുമാർ പറഞ്ഞു. ഏജൻസിയുമായി സഹകരിക്കാൻ തയ്യാറാണെന്നും എന്നാൽ സമൻസ് അയച്ച സമയം ഭരണഘടനാപരവും രാഷ്ട്രീയവുമായ ചുമതലകൾ നിർവഹിക്കുന്നതിന് തടസ്സമാകുകയാണെന്നും ശിവകുമാർ പറഞ്ഞു. രാഹുല്‍ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നതിനിടയിലാണ് ഇഡി നോട്ടീസ് അയച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 'ഭാരത് ജോഡോ യാത്രയ്‌ക്കും നിയമസഭാ സമ്മേളനത്തിനും ഇടയിൽ വീണ്ടും ഹാജരാകാൻ ഇഡി സമൻസ് അയച്ചു. ഞാൻ സഹകരിക്കാൻ തയ്യാറാണ്, എന്നാൽ സമൻസിന്‍റെ സമയം ദുരുദ്ദേശ്യപരമാണെന്നും ശിവകുമാര്‍ ട്വീറ്റ് ചെയ്തു.

കര്‍ണാടകയിലെ ബിജെപി സര്‍ക്കാറിന്‍റെ അഴിമതിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കാമ്പയിന്‍ ആരംഭിച്ചിരുന്നു. മന്ത്രിമാർ അഴിമതി നടത്തുന്നുണ്ടെന്നും കൊള്ളയടിക്കുകയാണെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് അറിയാമെന്ന് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. പ്രചാരണത്തിന്‍റെ ‘40 ശതമാനം കമ്മീഷൻ സർക്കാർ’ എന്ന പ്രചാരണ ഗാനം ശിവകുമാർ പുറത്തിറക്കി. രാഹുൽ ഗാന്ധി നയിക്കുന്ന 3,570 കിലോമീറ്റർ ‘ഭാരത് ജോഡോ യാത്ര’ കേരളത്തിലൂടെ സഞ്ചരിച്ച് ഒക്ടോബർ ഒന്നിന് കർണാടകയിൽ പ്രവേശിക്കും. 

നേരത്തെ, സിബിഐ അടക്കമുള്ള കേന്ദ്ര ഏജന്‍സികളെ ബിജെപി തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍, സഹോദരന്‍ ഡി കെ സുരേഷ് എന്നിവരുടെ വിവിധ കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. ഡി കെ ശിവകുമാറുമായി ബന്ധപ്പെട്ട 14 ഇടങ്ങളിലാണ് സിബിഐ തിങ്കളാഴ്ച റെയ്ഡ് നടത്തിയത്. വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും അടക്കം ബെംഗളൂരു, രാമനഗര്‍, കനകപുര, ദില്ലി, മുംബൈ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. 

സുധാകരന്‍റെ ശൈലിയില്‍ അമര്‍ഷം, അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി ശരത്ചന്ദ്രപ്രസാദ്, ഇടപെട്ട് ചെന്നിത്തല

click me!