ഡികെ ശിവകുമാറിനെ സിസിയുവിലേക്ക് മാറ്റി; കോടതിയിൽ ഹാജരാക്കില്ല, ജഡ്ജി ആശുപത്രിയിലേക്ക്?

By Web TeamFirst Published Sep 4, 2019, 2:49 PM IST
Highlights

ശിവകുമാറിനെ ഇന്ന് ഉച്ചക്ക് ശേഷം ദില്ലിയിലെ റോസ് അവന്യു കോടതിയിൽ ഹാജരാക്കാനായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ട്റേറ്റിന്റെ തീരുമാനം.

ദില്ലി: കള്ളപ്പണക്കേസിൽ അറസ്റ്റ് ചെയ്ത കർണാടകയിലെ കോൺ​ഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ ആർഎംഎൽ ആശുപത്രിയിയിലെ സിസിയുവിലേക്ക് മാറ്റി. ഇതോടെ ശിവകുമാറിനെ കോടതിയിൽ ഹാജരാക്കാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്. ജഡ്ജി ആശുപത്രിയിൽ എത്തി തുടർ നടപടികൾ പൂർത്തിയാക്കിയേക്കുമെന്നാണ് ഇപ്പോഴത്തെ വിവരം.

ശിവകുമാറിനെ ഇന്ന് ഉച്ചക്ക് ശേഷം ദില്ലിയിലെ റോസ് അവന്യു കോടതിയിൽ ഹാജരാക്കാനായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ട്റേറ്റിന്റെ തീരുമാനം. എന്നാൽ ഇന്നലെ രാത്രിയോടെ  ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ശിവകുമാറിനെ ആശുപത്രിയിലേക്ക് മാറ്റി. ആരോ​ഗ്യനിലയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് ശിവകുമാർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വിശദമായ പരിശോധന നടത്താൻ ​ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ഇന്ന് ഉച്ചയോടെ ശിവകുമാറിനെ ആശുപത്രിയിലെ കൊറോണറി കെയർ യൂണിറ്റിലേക്ക് മാറ്റിയത്.

Read also:ഡികെ ശിവകുമാറിന്റെ അറസ്റ്റ്; ബിജെപി നടത്തിയ ​ഗൂഢാലോചന: കെ സി വേണുഗോപാൽ

ഡികെ ശിവകുമാറിനെ സന്ദർശിക്കാൻ കെസി വേണു​ഗോപാൽ ഉൾപ്പടെയുള്ള നേതാക്കൾ 
ആശുപത്രിയിൽ  എത്തിയെങ്കിലും കാണാൻ പൊലീസ് അനുവദിച്ചില്ല. ശിവകുമാറിന് മാനുഷിക പരിഗണന നൽകുന്നില്ലെന്ന് കെ സി വേണുഗോപാൽ ആരോപിച്ചു.

Read More:ഡികെ ശിവകുമാറും കുടുങ്ങി, ഭീതിയിൽ കോൺഗ്രസ് പാളയം

കള്ളപ്പണക്കേസിൽ  നാലുദിവസത്തെ ചോദ്യംചെയ്യലിന് ശേഷം ഇന്നലെയാണ് ശിവകുമാറിനെ എന്‍ഫോഴ്‍സ്മെന്‍റ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലുമായി ശിവകുമാർ സഹകരിക്കുന്നില്ല, ശിവകുമാറിന്‍റെ ഉത്തരങ്ങള്‍ തൃപ്തികരമല്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്നലെ രാത്രിയോടെ ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. 
 

click me!