Asianet News MalayalamAsianet News Malayalam

ഡികെ ശിവകുമാറിന്റെ അറസ്റ്റ്; ബിജെപി നടത്തിയ ​ഗൂഢാലോചന: കെ സി വേണുഗോപാൽ

ശിവകുമാറിനെ ബിജെപി പലതവണ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും വഴങ്ങാത്തതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്നും വേണു​ഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

kc venugopal response for dk shivakumar arrest
Author
Delhi, First Published Sep 4, 2019, 12:37 PM IST

ദില്ലി: കർണാടക മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായി ഡി കെ ശിവകുമാറിന്റെ അറസ്റ്റ് ബിജെപി നടത്തിയ രാഷ്ട്രീയ ​ഗൂഢാലോചനയെന്ന് കെസി വേണു​ഗോപാൽ. ശിവകുമാറിനെ ബിജെപി പലതവണ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും വഴങ്ങാത്തതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്നും വേണു​ഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യുകയാണ് ബിജെപി. പാർട്ടി ഒറ്റക്കെട്ടായി വിഷയത്തെ നേരിടുമെന്നും പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെസി വേണു​ഗോപാൽ പറഞ്ഞു.

അതേസമയം ഡി കെ ശിവകുമാറിന്‍റെ അവകാശങ്ങള്‍ നിഷേധിക്കുന്നുവെന്ന് സഹോദരന്‍ ഡി കെ സുരേഷ് പറഞ്ഞു. ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പറഞ്ഞ് നടത്തിയ അറസ്റ്റ് വിചിത്രമാണ്.  ദില്ലി ആർഎംഎൽ ആശുപത്രിയിൽ കഴിയുന്ന ശിവകുമാറിനെ കാണാന്‍ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിയെങ്കിലും കാണാന്‍ അനുവദിക്കുന്നില്ലെന്നും സഹോദരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ആശുപത്രിയില്‍ കഴിയുന്ന ശിവകുമാറിനെ 2.30 ന് ദില്ലി റോസ് അവന്യു കോടതിയിൽ ഹാജരാക്കും. ശിവകുമാറിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബെംഗളൂരു മൈസൂരു സർവീസുകൾ കർണാടക ആർടിസി നിർത്തി. കള്ളപ്പണ കേസിൽ  നാലുദിവസത്തെ ചോദ്യംചെയ്യലിന് ശേഷം ഇന്നലെയാണ് ശിവകുമാറിനെ എന്‍ഫോഴ്‍സ്മെന്‍റ് അറസ്റ്റ് ചെയ്തത്. 

Read Also:ശിവകുമാറിനെ കാണാന്‍ ബന്ധുക്കളെ അനുവദിക്കുന്നില്ല; അവകാശങ്ങള്‍ നിഷേധിക്കുന്നെന്ന് സഹോദരന്‍ ഡി കെ സുരേഷ്

2017 ഓഗസ്റ്റിൽ അന്ന് കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്‍റെ ദില്ലിയിലെ വസതിയിൽ നിന്നും കണ്ടെടുത്ത എട്ടു കോടിയിലധികം രൂപയിൽ ഏഴു കോടി കള്ളപ്പണം എന്നാണ് എൻഫോഴ്‌സ്‌മെന്‍റിന്‍റെ  കണ്ടെത്തൽ.

തന്‍റെ സുഹൃത്തായ ഒരു വ്യവസായിയുടെ പണമാണിതെന്നും ഇതുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ശിവകുമാറിന്‍റെ വിശദീകരണം. ആദായനികുതി വകുപ്പാണ് അന്ന് ശിവകുമാറിനെതിരെ കേസ് റജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ എൻഫോഴ്‍സ്മെന്‍റ് കർണാടകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അദ്ദേഹത്തിന്‍റെ വസതികളിലും റെയ്ഡ് നടത്തി. ഇവിടെ നിന്നെല്ലാം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 

Follow Us:
Download App:
  • android
  • ios