
ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാറിന്‍റെ പേര് ഉടൻ ഹൈക്കമാൻഡ് പ്രഖ്യാപിക്കും. സിദ്ധരാമയ്യയുടെ രാജിക്ക് പിന്നാലെ ഇന്ന് വിധാൻ സൗധയിൽ ചേർന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി (സി എൽ പി) യോഗം ഡി കെ ശിവകുമാറിനെ നിയമസഭാ കക്ഷി നേതാവായി ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. യോഗത്തിൽ സിദ്ധരാമയ്യയാണ് ഡി കെയുടെ പേര് നിർദ്ദേശിച്ചത്. മുതിർന്ന നേതാവ് ജി പരമേശ്വരയാണ് പിന്താങ്ങിയത്. സി എൽ പി യോഗത്തിന്റെ തീരുമാനം ഉടൻ തന്നെ കോൺഗ്രസ് ഹൈക്കമാന്റിനെ അറിയിക്കുമെന്നും തുടർന്ന് ഹൈക്കമാൻഡാകും ഔദ്യോഗിക പ്രഖ്യാപനം നടത്തുകയെന്നും നേതാക്കൾ വ്യക്തമാക്കി. സി എൽ പി യോഗത്തിൽ സിദ്ധരാമയ്യയ്ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള പ്രമേയം ഡി കെ ശിവകുമാർ അവതരിപ്പിച്ചു.
കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ജൂൺ മൂന്നിന് സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് വിവരം. ഇക്കാര്യം ഗവർണറുടെ ഓഫീസിനെ ഔദ്യോഗികമായി അറിയിച്ചു. ലോക്ഭവനിൽ വെച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് തീരുമാനം. വൈകിട്ട് 5.15 ന് ആണ് സത്യപ്രതിജ്ഞ. ഡി കെ ശിവകുമാറിന് ഒപ്പം ഒൻപത് എം എൽ എമാരും സത്യപ്രതിജ്ഞ ചെയ്യും. മൂന്നിന് സത്യപ്രതിജ്ഞ ചെയ്യുന്നവരിൽ ജി പരമേശ്വരയും കെ ജെ ജോർജും ഉണ്ടാകുമെന്നും ഉറപ്പായിട്ടുണ്ട്. വൈകിട്ട് 5.15 ന് സത്യപ്രതിജ്ഞ നടത്താൻ ജോത്സ്യൻ ആണ് ഡി കെ ശിവകുമാറിന് സമയം കുറിച്ച് നൽകിയതെന്നാണ് വിവരം. സത്യപ്രതിജ്ഞ ചടങ്ങുകൾ ലോക് ഭവനിലേക്ക് മാറ്റിയതും ജോത്സ്യന്റെ നിർദ്ദേശപ്രകാരമാണ്. വിധാൻ സൗധയിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് ഗുണം ചെയ്യില്ലെന്നും ഉപദേശിച്ചു. അതേസമയം, സിദ്ധരാമയ്യയെ കോർ കമ്മിറ്റി ചെയർമാൻ ആക്കാൻ ധാരണയായി. കോർ കമ്മിറ്റിയുമായി ചർച്ച ചെയ്ത ശേഷം മാത്രമായിരിക്കും പ്രധാന തീരുമാനങ്ങൾ എടുക്കുക. സിദ്ധരാമയ്യ ഉൾപ്പെടെ 10 പേരാകും കോർ കമ്മിറ്റിയിലെ അംഗങ്ങളെന്നാണ് വ്യക്തമാകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam