സ്ത്രീസുരക്ഷാ നിയമങ്ങൾ ഭാര്യ ദുരുപയോഗം ചെയ്യുകയാണെന്നും പണത്തിനായി സമ്മർദ്ദം ചെലുത്തുന്നുവെന്നും യുവാവ് ആരോപിക്കുന്നു. കുടുംബ വഴക്കുകളിൽ പുരുഷന്മാർക്ക് നിയമപരമായ സംരക്ഷണം ലഭിക്കുന്നില്ലെന്നും കിരിത് പട്ടേൽ പരാതിയിൽ പറയുന്നു.

സൂറത്ത്: ഭാര്യയുടെ പീഡനം സഹിക്കാനാവുന്നില്ലെന്നും ദയാവധം അനുവദിക്കണമെന്നുമുള്ള ആവശ്യവുമായി യുവാവ്. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ കിരിത് പട്ടേൽ ജില്ലാ കളക്ടർക്കാണ് പരാതി നൽകിയത്. നീണ്ടുപോകുന്ന നിയമ പോരാട്ടവും മാനസിക വിഷമവും കാരണം തനിക്ക് മുന്നിൽ മറ്റ് വഴികളില്ലെന്നാണ് ജില്ലാ കളക്ടർക്ക് സമർപ്പിച്ച അപേക്ഷയിൽ പറയുന്നത്. ഗാർഹിക തർക്കങ്ങൾക്ക് പിന്നാലെ സ്ത്രീസുരക്ഷാ നിയമങ്ങൾ ഭാര്യ ദുരുപയോഗം ചെയ്യുകയാണെന്നാണ് കിരിത് പട്ടേലിന്‍റെ ആരോപണം. ഭാര്യ മനഃപൂർവം വഴക്ക് ഉണ്ടാക്കി പൊലീസിനെയോ വനിതാ ഹെൽപ്പ് ലൈനെയോ സമീപിച്ച് തനിക്കെതിരെ നിയമ നടപടി സ്വീകരിക്കുകയാണെന്ന് കിരിത് ആരോപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തന്‍റെ ആദ്യ വിവാഹത്തിലെ മകനെ ഭാര്യ ഉപദ്രവിക്കാൻ ശ്രമിച്ചെന്നും യുവാവ് ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിനെ സമീപിച്ചെങ്കിലും കേസ് എടുത്തില്ലെന്ന് യുവാവ് പറയുന്നു. രണ്ടു പേരുടെയും മൂന്നാമത്തെ വിവാഹമാണിത്. 2024 നവംബർ 14-നായിരുന്നു ഇരുവരുടെയും വിവാഹം. അതിനുശേഷം ഭാര്യയും ഭാര്യാമാതാവും മറ്റ് ബന്ധുക്കളും ചേർന്ന് പണത്തിനായി നിരന്തരം സമ്മർദ്ദം ചെലുത്തുന്നുവെന്നാണ് പരാതി. വിവാഹമോചനത്തിന് പകരം നിയമ നടപടികൾ വഴിയും സാമ്പത്തിക ആവശ്യങ്ങൾ ഉന്നയിച്ചും ഭാര്യ വേട്ടയാടുകയാണെന്നാണ് യുവാവിന്‍റെ പരാതി.

കുടുംബ വഴക്കുകളിൽ പുരുഷന്മാർക്ക് നിയമപരമായ സംരക്ഷണം ലഭിക്കുന്നില്ലെന്ന് ദയാവധത്തിനുള്ള അപേക്ഷയിൽ കിരിത് പട്ടേൽ പറയുന്നു. പരാതിയിൽ പരിഹാരമുണ്ടായില്ലെങ്കിൽ താൻ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന മുന്നറിയിപ്പും യുവാവ് നൽകി.