'തമിഴ് പ്രാചീന ഭാഷയല്ലേ, എങ്കിൽ ഔദ്യോഗിക ഭാഷയാക്കൂ', മോദിയോട് സ്റ്റാലിൻ

By Web TeamFirst Published Oct 1, 2019, 3:41 PM IST
Highlights

മദ്രാസ് ഐഐടിയുടെ 56-ാമത് വാര്‍ഷിക ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്നതിന് ചെന്നൈയിൽ എത്തിയപ്പോഴാണ് തമിഴ് പ്രാചീനവും സമ്പന്നവുമായ ഭാഷയാണെന്നും അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ തമിഴില്‍ സംസാരിച്ചിരുന്നുവെന്നും മോദി പറഞ്ഞത്.  

ചെന്നൈ: തമിഴ് ഔദ്യോഗിക ഭാഷയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ട് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. തമിഴ് ഭാഷയെ പ്രകീർത്തിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നതായി സ്റ്റാലിൻ പറഞ്ഞു. രാജ്യത്തെ ഏറ്റവും പ്രാചീനമായ ഭാഷയാണ് തമിഴ് എന്ന് പ്രധാനമന്ത്രി തന്നെ അംഗീകരിച്ച സ്ഥിതിക്ക്, തമിഴ് ഔദ്യോഗിക ഭാഷയായി അംഗീകരിക്കാൻ കേന്ദ്ര സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും സ്റ്റാലിൻ വ്യക്തമാക്കി.

മദ്രാസ് ഐഐടിയുടെ 56-ാമത് വാര്‍ഷിക ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്നതിന് ചെന്നൈയിൽ എത്തിയപ്പോഴാണ് തമിഴ് പ്രാചീനവും സമ്പന്നവുമായ ഭാഷയാണെന്നും അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ തമിഴില്‍ സംസാരിച്ചിരുന്നുവെന്നും മോദി പറഞ്ഞത്. അമേരിക്കയില്‍ വച്ച് താന്‍ തമിഴില്‍ പറഞ്ഞ വാക്കുകള്‍ അമേരിക്കയില്‍ തമിഴിനെ വലിയ ചര്‍ച്ചാവിഷയമാക്കി മാറ്റിയിരിക്കുകയാണെന്നും മോദി  കൂട്ടിച്ചേർത്തു.

ചെന്നൈ വിമാനത്താവളത്തിൽവെച്ച് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവേയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. യുഎന്നിലെ പൊതുസമ്മേളനത്തില്‍ സംസാരിക്കുമ്പോള്‍ സംഘകാല കവി കണിയന്‍ പൂംകുണ്ട്രനാറുടെ വരികള്‍  ഉദ്ധരിച്ച് മോദി സംസാരിച്ചിരുന്നു.  'ലോകത്ത് എല്ലാ ഇടങ്ങളും നമുക്ക് ഒന്നാണ്, എല്ലാവരും നമ്മുടെ സ്വന്തക്കാരാണ്' എന്നര്‍ഥംവരുന്ന വരികളാണ് മോദി ഉദ്ധരിച്ചത്.

Read More: ഹിന്ദി ഭാഷാ വിവാദം കത്തുമ്പോൾ തമിഴിനെ പുകഴ്‍ത്തി മോദി, കനത്ത സുരക്ഷയിൽ ചെന്നൈ

അതേസമയം, ഹിന്ദി ഭാഷാ വിവാദം കത്തുന്നതിനിടയിലാണ് തമിഴ് ഭാഷയെ പ്രകീർത്തിച്ചുള്ള മോദിയുടെ പരാമർശം. തമിഴ്‍നാട്ടിൽ രണ്ട് മണ്ഡലങ്ങൾ ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെയാണ് മോദിയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. കഴി‍ഞ്ഞ തവണ ഐഐടിയിൽ സന്ദർശനം നടത്തിയപ്പോൾ മോദിക്കെതിരെ വലിയതോതിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. കാവേരി മാനേജ്മെന്റ് ബോർഡ് രൂപീകരണം വൈകുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഏതാനും പ്രതിപക്ഷ പാർട്ടികളും തമിഴ് സംഘടനകളും കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. എന്നാൽ ഇത്തവണ അത്തരമൊരു പ്രതിഷേധത്തിന് സാധ്യതയില്ലാത്ത വിധം പഴുതുകളടച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.

എന്നാൽ മോദിക്കെതിരെ സോഷ്യൽമീഡിയയിൽ പ്രതിഷേധം ശക്തമായിരുന്നു. ട്വിറ്ററില്‍ #GobackModi,  #TNWelcomes Modi എന്നീ രണ്ട് വ്യത്യസ്ത ഹാഷ്ടാഗുകളാണ് ട്രെന്‍ഡിങ്ങിലുണ്ടായിരുന്നത്.  ഇതില്‍  #GobackModi ട്രെന്‍ഡിങില്‍ ഒന്നാമതായിരുന്നു. 1,00,000 ഓളം ട്വീറ്റുകളാണ് ഈ ഹാഷ്ടാഗില്‍ ഇന്നലെ വൈകിട്ട് നാലുമണിക്കകം പങ്കുവെച്ചിരുന്നത്. 
  

click me!