ചെന്നൈ: ഹിന്ദി ഭാഷാ വിവാദം കത്തുമ്പോൾ തമിഴ് ഭാഷയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതത്തിലെ ഏറ്റവും പ്രാചീനമായ ഭാഷയാണ് തമിഴെന്ന് മോദി പറഞ്ഞു. അമേരിക്കൻ സന്ദർശനത്തിനിടെ താൻ തമിഴിൽ സംസാരിച്ചിരുന്നുവെന്നും, അമേരിക്കയിലും തമിഴിന്‍റെ കീർത്തി എത്തിച്ചുവെന്നും മോദി അറിയിച്ചു. അണ്ണാ ഡിഎംകെയും ബിജെപിയും സംഘടിപ്പിച്ച പാർട്ടി പരിപാടിയിലാണ് മോദിയുടെ പ്രസ്താവന. തമിഴ്‍നാട്ടിൽ രണ്ട് മണ്ഡലങ്ങൾ ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെയാണ് മോദിയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയം. 

മദ്രാസ് ഐഐടി റിസർച്ച് വിഭാ​ഗത്തിന്റെ ബിരുദദാനച്ചടങ്ങിൽ മോദി പങ്കെടുത്തു. സിങ്കപ്പുർ-ഇന്ത്യ ‘ഹാക്കത്തൺ-2019’ പരിപാടിയിലും മോദി പങ്കെടുത്തിരുന്നു. 

Read Also: മദ്രാസ് ഐഐടി ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കാൻ മോദി, എത്തിയത് ഹെലികോപ്റ്ററിൽ

കഴി‍ഞ്ഞ തവണ ഐഐടിയിൽ സന്ദർശനം നടത്തിയപ്പോൾ വലിയതോതിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. കാവേരി മാനേജ്മെന്റ് ബോർഡ് രൂപീകരണം വൈകുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഏതാനും പ്രതിപക്ഷ പാർട്ടികളും തമിഴ് സംഘടനകളും കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. എന്നാൽ ഇത്തവണ അത്തരമൊരു പ്രതിഷേധത്തിന് സാധ്യതയില്ലാത്ത വിധം പഴുതുകളടച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ചില വിദ്യാർത്ഥി സംഘടകൾ പ്രതിഷേധം ഉയർത്തുമെന്ന സൂചനകൾ ഉയർത്തിയിരുന്നു. ആയിരത്തിലധികം പൊലീസുകാരെയും നിരവധി സിസിടിവി ക്യാമറകളും ക്യാമ്പസിനകത്തും പുറത്തുമായി വിന്യസിച്ചിട്ടുണ്ട്.

രാവിലെ ഒമ്പതരയോടെ കൂടി ചെന്നൈ വിമാനത്താവളത്തിൽ എത്തിച്ചേർന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമി സ്വീകരിച്ചു. ശേഷം ഹെലികോപ്റ്ററിലായിരുന്നു മോദി ഐഐടിയിൽ എത്തിച്ചേർന്നത്. 1.25-ഓടെ പ്രധാനമന്ത്രി ​ദില്ലിയിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ട്.

"