
ചെന്നൈ: കേന്ദ്രമന്ത്രിയുടെ ഓഫീസ് ഹിന്ദിയിൽ നൽകിയ കത്തിന് തമിഴിൽ മറുപടി നൽകി ഡിഎംകെ എംപി. പുതുക്കോട്ട എം എം അബ്ദുല്ല എംപിയാണ് കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന്‍റെ ഹിന്ദിയിലെ കത്തിന് തമിഴിൽ മറുപടി നൽകിയത്. തനിക്ക് ഒരു വാക്കു പോലും മനസ്സിലായില്ലെന്ന് എംപി സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഡിഎംകെ നേതാവും രാജ്യസഭാ എംപിയുമാണ് എം എം അബ്ദുല്ല. ട്രെയിനിലെ ഭക്ഷണത്തിന്‍റെ ഗുണനിലവാരം, ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട് എംപി ഉന്നയിച്ച ചോദ്യങ്ങൾക്കാണ് മന്ത്രി ഹിന്ദിയിൽ മറുപടി നൽകിയത്. തനിക്ക് ഹിന്ദി അറിയില്ലെന്ന് കേന്ദ്ര മന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെ നിരവധി തവണ ഓർമപ്പെടുത്തിയിട്ടും ആശയവിനിമയം ഹിന്ദിയിൽ തുടരുന്നുവെന്ന് എംപി സോഷ്യൽ മീഡിയയിൽ കുറിച്ചു. രണ്ട് കത്തുകളുടെ പകർപ്പും അദ്ദേഹം പങ്കുവച്ചു.
"റെയിൽവേ സഹമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള കത്ത് എപ്പോഴും ഹിന്ദിയിലാണ്. അദ്ദേഹത്തിന്‍റെ ഓഫീസിലെ ഉദ്യോഗസ്ഥരെ വിളിച്ച് എനിക്ക് ഹിന്ദി അറിയില്ല, ദയവായി കത്ത് ഇംഗ്ലീഷിൽ അയയ്ക്കണമെന്ന് പറഞ്ഞതാണ്. എന്നിട്ടും ഹിന്ദിയിൽ അയച്ചു. അവർക്ക് മനസ്സിലാകാനായി ഞാൻ തമിഴിൽ മറുപടി അയച്ചു" എന്നാണ് ഡിഎംകെ എംപി വ്യക്തമാക്കിയത്. ഇനി മുതൽ തന്നോട് ഇംഗ്ലീഷിൽ ആശയവിനിമയം നടത്തണമെന്ന് ഡിഎംകെ എംപി തമിഴിൽ മന്ത്രിയോട് അഭ്യർത്ഥിച്ചു.
ഹിന്ദി അടിച്ചേൽപ്പിക്കുന്നു എന്നാരോപിച്ച് ഡിഎംകെ കേന്ദ്ര സർക്കാരിനെതിരെ ഇതിന് മുൻപും രംഗത്തെത്തിയിരുന്നു. രാജ്യത്തിന്‍റെ അഖണ്ഡതയെ തകർക്കുന്നതാണ് കേന്ദ്ര നീക്കമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിമർശിക്കുകയുണ്ടായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam