പൗരത്വ രജിസ്റ്ററും ജനസംഖ്യാ രജിസ്റ്ററും നടപ്പാക്കരുത്: ഡിഎംകെ പ്രമേയം പാസാക്കി

By Web TeamFirst Published Jan 21, 2020, 1:16 PM IST
Highlights

കോണ്‍ഗ്രസുമായി ചില അഭിപ്രായവ്യത്യാസങ്ങള്‍ മാത്രമാണുള്ളതെന്നും എന്‍ഡിഎയുമായി ചര്‍ച്ച നടത്തേണ്ട യാതൊരുസാഹചര്യവുമില്ലെന്നും ഡിഎംകെ നേതാവ് കനിമൊഴി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു

ചെന്നൈ: ദേശീയ പൗരത്വ രജിസ്റ്ററും , ജനസംഖ്യാ രജിസ്റ്ററും തമിഴ്നാട്ടിൽ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ഡിഎംകെ പാർട്ടി പ്രമേയം പാസാക്കി. ശ്രീലങ്കൻ അഭയാർത്ഥികൾക്ക് പൗരത്വം അനുവദിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്. പാർട്ടി ഉന്നതതല യോഗത്തിലാണ് പ്രമേയം പാസാക്കിയത്.

ദേശീയ പൗരത്വ രജിസ്റ്ററിനും, ജനസംഖ്യാ രജിസ്റ്ററിനുമെതിരെ പ്രതിപക്ഷത്തെ അണിനിരത്തി പ്രതിഷേധം ശക്തമാക്കാനും ഡിഎംകെ ഉന്നതല യോഗത്തിൽ തീരുമാനിച്ചു. ദില്ലിയിൽ കോൺഗ്രസ് വിളിച്ച യോഗത്തിൽ നിന്ന് വിട്ടു നിന്നതിന് പിന്നാലെയാണ് പ്രതിപക്ഷത്തെ അണിനിരത്തി പ്രതിഷേധം കടുപ്പിക്കുമെന്ന പാർട്ടി പ്രമേയം.

കോണ്‍ഗ്രസുമായി ചില അഭിപ്രായവ്യത്യാസങ്ങള്‍ മാത്രമാണുള്ളതെന്നും എന്‍ഡിഎയുമായി ചര്‍ച്ച നടത്തേണ്ട യാതൊരുസാഹചര്യവുമില്ലെന്നും ഡിഎംകെ നേതാവ് കനിമൊഴി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പൗരത്വനിയമഭേദഗതിക്കെതിരെ സോണിയ ഗാന്ധി വിളിച്ച യോഗത്തിൽ പങ്കെടുക്കാത്തതിന് ചില കാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ പൗരത്വനിയമത്തിനെതിരായ പ്രതിഷേധത്തിൽ ഡിഎംകെ പ്രതിപക്ഷത്തിനൊപ്പം തന്നെയാണ് എന്നായിരുന്നു കനിമൊഴിയുടെ പ്രതികരണം.

ആവശ്യപ്പെട്ടതിന്‍റെ പകുതി സീറ്റ് പോലും ഡിഎംകെ അനുവദിച്ചില്ലെന്നും സഖ്യത്തിലെ ധാരണ സ്റ്റാലിന്‍  മറന്നെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എസ് അഴഗിരി തുറന്നടിച്ചതോടെയാണ് ഇരു പാർട്ടികളും തമ്മിൽ അസ്വാരസ്യം ഉടലെടുത്തത്. ഇതോടെ സോണിയാഗാന്ധി വിളിച്ച പ്രതിപക്ഷ യോഗത്തില്‍ നിന്ന് വിട്ടുനിന്ന ഡിഎംകെ, തങ്ങളുടെ അതൃപ്തി പരസ്യമാക്കി. പ്രദേശിക വിഷയങ്ങളിലെ തര്‍ക്കം ഭിന്നതയിലേക്ക് വഴിമാറിയതോടെ ഹൈക്കമാന്റ് വിഷയത്തില്‍ ഇടപെട്ടു. തമിഴ്നാട് അധ്യക്ഷന്‍ കെഎസ് അഴഗിരിയെ ദില്ലിയിലേക്ക് വിളിച്ചുവരുത്തി ഹൈക്കമാന്‍ഡ് അതൃപ്തി വ്യക്തമാക്കി. ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രാവിലെ എംകെ സ്റ്റാലിനെ ഫോണിൽ വിളിച്ച് പ്രശ്നത്തിൽ ഇടപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രശ്നങ്ങള്‍ അവസാനിച്ചെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അഴഗിരി  പ്രതികരിച്ചത്. 

click me!