
ഡൽഹി: ഡൽഹിയിൽ മെട്രോ സ്റ്റേഷനുകൾ തുറന്നു. ഇന്ന് രാവിലെ മുതൽ അടച്ചിട്ട 45 മെട്രോ സ്റ്റേഷനുകൾ പ്രവർത്തനസജ്ജമാണെന്ന് ഡൽഹി റെയിൽ മെട്രോ കോർപ്പറേഷൻ അറിയിച്ചു. സിജെപിയും ഇടത് വിദ്യാർത്ഥി സംഘടനകളും ചേർന്ന് നടത്തിയ പ്രതിഷേധം തടയുന്നതിൻ്റെ ഭാഗമായാണ് മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടത്. ഇന്ന് വൈകീട്ട് ആറുമണിക്ക് സ്റ്റേഷനുകൾ തുറക്കുമെന്നായിരുന്നു ആദ്യത്തെ അറിയിപ്പെങ്കിലും തുറന്നിരുന്നു. തുടർന്ന് രാത്രി 10 മണി വരെ നിയന്ത്രണം തുടർന്ന ശേഷമാണ് മെട്രോ സ്റ്റേഷനുകൾ തുറക്കുന്നതായി ഡിഎംആർസി പ്രഖ്യാപിച്ചത്.
അതേസമയം ഇന്നത്തെ സമരത്തെ പൊലീസ് അതിശക്തമായി പ്രതിരോധിച്ച് പരാജയപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ നാളെ വീണ്ടും സമരം നടത്തുമെന്ന് സിജെപി പ്രഖ്യാപിച്ചു. ജന്തർ മന്തിറിലേക്ക് മാർച്ച് നടത്തുമെന്നാണ് സിജെപിയുടെ പ്രഖ്യാപനം. ഇടത് സംഘടനകളും ഇതിൽ അണിചേരുമെന്നാണ് ലഭിക്കുന്ന വിവരം. നാളെ രാവിലെ പത്തു മണിക്ക് മാർച്ച് നടത്തുമെന്നാണ് സിജെപി നേതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട മൂന്ന് നേതാക്കളും പൊലീസിൻ്റെ കസ്റ്റഡിയിലായപ്പോൾ ഇന്ന് മാധ്യമങ്ങളെ കണ്ട സിജെപി നേതാവ് അജിങ്ക്യ ഷിൻഡെ ആണ് സമരത്തിന് ആഹ്വാനം നൽക്കിയിരിക്കുന്നത്. ഇത് പുതിയ പോരാട്ടത്തിന്റെ തുടക്കം എന്ന് അജിങ്ക്യ ഷിൻഡെ വ്യക്തമാക്കി. ഗ്യാനേഷ് കുമാറിന്റെ രാജി ലഭിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും സിജെപി വ്യക്തമാക്കി.
ഇതിനിടെ മലയാളി സുപ്രീംകോടതി അഭിഭാഷകൻ ഫിദൽ ടോമിനെ പൊലീസ് മർദിച്ചെന്ന് പരാതി ഉയർന്നിട്ടുണ്ട്. ഡൽഹിയിലെ സഞ്ജയ് കോളനി പൊലീസ് സ്റ്റേഷനിൽ ഇദ്ദേഹം തടങ്കലിലെന്നാണ് ആരോപണം. ഇദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്നും വൈദ്യപരിശോധന ഉറപ്പാക്കണമെന്ന് അഭിഭാഷക സംഘടനയായ എൽഎഎഫ്‌സി ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam