
ദില്ലി: നീതി കിട്ടാൻ ജോലി തടസ്സമാണെങ്കിൽ ജോലി രാജി വെക്കാനും മടിയില്ലെന്ന് ഗുസ്തി താരം സാക്ഷി മാലിക്. ജോലി കാണിച്ച് പേടിപ്പിക്കരുതെന്നും സാക്ഷി മാലിക് പറഞ്ഞു. സമരം തുടരുന്നതിനിടെ ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് കായിക താരത്തിന്റെ പ്രതികരണം.
ഗുസ്തി താരങ്ങളുടെ സമരത്തില്‍ സജീവമായിരുന്ന സാക്ഷി മാലിക് തിരികെ ജോലിയിൽ പ്രവേശിച്ചു. അമിത്ഷായുമായി ചർച്ചക്ക് പിന്നാലെയാണ് തീരുമാനം. സമരത്തില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്ത തെറ്റെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു. നോർത്തേൺ റെയില്‍വേയില്‍ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥയാണ് സാക്ഷി. ശനിയാഴ്ചയാണ് സാക്ഷിയും ബജ്റംഗ് പൂനിയയും ഷായെ കണ്ടത്. സമരത്തിൽ നിന്നും ഒരടി പിന്നോട്ടില്ലെന്നും സാക്ഷി വ്യക്തമാക്കി. നീതിക്ക് വേണ്ടി പോരാട്ടം തുടരും. ജോലിക്കൊപ്പം പോരാട്ടം തുടരും. തെറ്റായ വാർത്ത പ്രചരിപ്പിക്കരുത് എന്നും സാക്ഷി ആവശ്യപ്പെട്ടു. വിനേഷ് ഫോഗട്ടും ബജ്റംഗ് പൂനിയയും ജോലിക്ക് കയറിയിട്ടുണ്ട്.
ലൈംഗികാതിക്രമ പരാതികളില്‍ അന്വേഷണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്‍റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് യാദവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത ഗുസ്തി താരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ശനിയാഴ്ച അദ്ദേഹത്തിന്‍റെ വസതിയില്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിശദീകരിച്ചു. എന്നാല്‍ ആഭ്യന്തര മന്ത്രിയുടെ പ്രതികരണം നിരാശാജനകമായിരുന്നുവെന്ന് കൂടിക്കാഴ്ചയില്‍ പങ്കെടുത്ത ഗുസ്തി താരം സാക്ഷി മാലിക്കിന്‍റെ ഭര്‍ത്താവ് കൂടിയായ സത്യവൃത് കാദിയാന്‍ പറഞ്ഞു. അമിത് ഷായുമായുള്ള ഗുസ്തി താരങ്ങളുടെ ചര്‍ച്ച അപൂര്‍ണമായിരുന്നുവെന്നും താരങ്ങള്‍ ആഗ്രഹിച്ച പ്രതികരണമല്ല ആഭ്യന്തര മന്ത്രിയില്‍ നിന്നുണ്ടായതെന്നും കാദിയാന്‍ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam