
ദില്ലി: കേന്ദ്രസർക്കാരിന്റെ നെല്ല് സംഭരണ നയത്തിനെതിരെ കടുത്ത വിമർശനമുന്നയിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. തെലങ്കാനയിലെ കർഷകരുടെ അരി സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നിലപാടിൽ പ്രതിഷേധിച്ച് ദില്ലി തെലങ്കാന ഭവനിൽ സംഘടിപ്പിച്ച ധർണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ കേന്ദ്ര സർക്കാർ 24 മണിക്കൂറിനുള്ളിൽ പ്രതികരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ മറുപടി നൽകിയില്ലെങ്കിൽ രാജ്യത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കുമെന്ന് റാവു മുന്നറിയിപ്പ് നൽകി.
കർഷകരുടെ വികാരം കൊണ്ട് കളിക്കരുത്. അവർക്ക് സർക്കാരിനെ താഴെയിറക്കാൻ കഴിയും. കർഷകർ യാചകരല്ല. കാർഷിക ഉൽപന്നങ്ങൾക്ക് താങ്ങുവില ലഭിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നെല്ല് സംഭരണം സംബന്ധിച്ച സംസ്ഥാനത്തിന്റെ ആവശ്യത്തോട് 24 മണിക്കൂറിനുള്ളിൽ മറുപടി നൽകാന് പ്രധാനമന്ത്രി മോദിയോടും വകുപ്പ് മന്ത്രി പിയൂഷ് ഗോയലിനോടും അഭ്യർഥിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രം മറുപടി നൽകിയില്ലെങ്കിൽ രാജ്യത്താകമാനം പ്രതിഷേധം നടത്തുമെന്ന് ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് ടികായത്തും മുന്നറിയിപ്പ് നൽകി. ധർണയിൽ അദ്ദേഹം മുഖ്യമന്ത്രിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
പാർട്ടി എംപിമാരും എംഎൽസിമാരും എംഎൽഎമാരും മന്ത്രിമാരും ധർണയിൽ പങ്കെടുത്തു. റാബി സീസണിൽ സംഭരിച്ച അരി വാങ്ങണമെന്ന തെലങ്കാനയുടെ ആവശ്യം കേന്ദ്രസർക്കാർ നിരസിച്ചതിനെ തുടർന്നാണ് സമരം ശക്തമാക്കിയത്. പച്ചരി (റോ റൈസ്) മാത്രമേ സംഭരിക്കാനൂവെന്നും രാജ്യത്ത് അധികം ഉപയോഗിക്കാത്ത പുഴുങ്ങിയ അരി സംഭരിക്കാനാകില്ലെന്നുമാണ് കേന്ദ്ര നിലപാട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam