Halal: ഹലാൽ വിവാദം; 'മൃഗങ്ങളെ അറുത്ത് കശാപ്പ് ചെയ്യരുത്'; ഉത്തരവുമായി കർണാടക മൃഗസംരക്ഷണ വകുപ്പ്

Published : Apr 03, 2022, 09:10 AM ISTUpdated : Apr 03, 2022, 09:25 AM IST
Halal:  ഹലാൽ വിവാദം; 'മൃഗങ്ങളെ അറുത്ത് കശാപ്പ് ചെയ്യരുത്'; ഉത്തരവുമായി കർണാടക മൃഗസംരക്ഷണ വകുപ്പ്

Synopsis

കശാപ്പ് ചെയ്യുന്നതിന് മുമ്പ് മൃഗങ്ങൾ അബോധാവസ്ഥയിലായിരിക്കണമെന്നാണ് സർക്കുലർ. ഹലാൽ ഭക്ഷണം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുസംഘടനകൾ രംഗത്തെത്തിയതിനിടെയാണ് പുതിയ ഉത്തരവ്. 

ബം​ഗളൂരു: മൃഗങ്ങളെ അറുത്ത് കശാപ്പ് ചെയ്യരുതെന്ന ഉത്തരവുമായി കർണാടക മൃഗസംരക്ഷണ വകുപ്പ് (Karnataka Animal Husbandry Department). കശാപ്പ് ചെയ്യുന്നതിന് മുമ്പ് മൃഗങ്ങൾ അബോധാവസ്ഥയിലായിരിക്കണമെന്നാണ് സർക്കുലർ. ഹലാൽ ഭക്ഷണം (Halal) നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുസംഘടനകൾ രംഗത്തെത്തിയതിനിടെയാണ് പുതിയ ഉത്തരവ്. 

ഹലാൽ പ്രതിഷേധങ്ങളെ പിന്തുണച്ച് കർണാടക മന്ത്രി ശശികല ജോളിയും രം​ഗത്തെത്തിയിട്ടുണ്ട്. ഹിന്ദുത്വ സംഘടനകളുടെ ഹലാൽ നിരോധനം ആവശ്യം ന്യായമാണെന്ന് മന്ത്രി പ്രതികരിച്ചു. ഇതിനിടെ കർണാടകയിലെ കശാപ്പ്ശാലകളിലെ സൗകര്യങ്ങൾ മൃഗസംരക്ഷണ വകുപ്പ് പരിശോധിക്കുകയാണ്. 

ഹലാലിന്റെ പേരിൽ കർണാടകയിൽ സംഘർഷങ്ങൾ ഉണ്ടായിരുന്നു. ഇന്നലെ ശിവമോഗയിൽ ഹലാൽ ബോർഡുള്ള ഹോട്ടലിലാണ് അക്രമമുണ്ടായത്. ഹോട്ടലുടമയെ ബജറംഗ്ദൾ പ്രവർത്തകർ മർദ്ദിച്ചു. ഹലാൽ ഭക്ഷണം വിളമ്പരുതെന്ന് പറഞ്ഞായിരുന്നു മർദ്ദനം. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കും മർദ്ദനമേറ്റു.

കര്‍ണാടകയില്‍ ഹലാല്‍ ഭക്ഷണത്തിനെതിരെ കഴിഞ്ഞ ദിവസം ബജറംഗ്ദള്‍ പ്രവര്‍ത്തക ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു. ഹലാല്‍ ഹോട്ടലുകളില്‍ നിന്നും കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുതെന്ന് ചൂണ്ടികാട്ടിയാണ് വീടുകള്‍ കയറി ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ ലഖുലേഖ വിതരണം ചെയ്തു.  ചിക്കമംഗ്ലൂരുവില്‍ ഹലാല്‍ ബോര്‍ഡുകളുള്ള ഹോട്ടലുകളിലേക്ക് ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഹലാല്‍ ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ എടുത്തുമാറ്റി. അന്യായമെന്നും അംഗീകരിക്കാനാകില്ലെന്നും മുസ്ലീം സംഘടനകള്‍ പ്രതികരിച്ചു. വിഷയത്തിൽ സര്‍ക്കാര്‍ ഇടപെട്ടില്ലെന്നും നിലപാട് തിരുത്തണമെന്നും ചൂണ്ടികാട്ടി  എസ്ഡിപിഐ സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

ഉഗാദി ആഘോഷങ്ങള്‍ക്ക് ഹലാല്‍ മാംസം ബഹിഷ്‌കരിക്കണമെന്നാഹ്വാനം ചെയ്ത് ഹിന്ദു സംഘടനകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ക്ഷേത്രോത്സവങ്ങളില്‍ മുസ്ലിം വ്യാപാരികളെ വിലക്കണമെന്നാവശ്യപ്പെട്ടതിന് പിന്നാലെയാണ് ഹലാല്‍ മാംസം ബഹിഷ്‌കരിക്കണമെന്ന് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടത്. ഹിജാബ് വിഷയത്തില്‍ ഹൈക്കോടതി വിധിക്കെതിരെ മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയതിന് മറുപടിയായാണ് ഹലാല്‍ മാംസം ബഹിഷ്‌കരിക്കണമെന്ന് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

കര്‍ണാടകയിലെ പുതുവര്‍ഷാഘോഷമായ ഉഗാദിക്ക് ചില ഹിന്ദു സമുദായങ്ങള്‍ മാംസം അര്‍പ്പിച്ച് പൂജ നടത്താറുണ്ട്. ഇതിന് ഹലാല്‍ മാംസം ഉപയോഗിക്കരുതെന്നാണ് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടത്. ഹലാല്‍ സാമ്പത്തിക ജിഹാദാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവി ആരോപിച്ചിരുന്നു. രാജ്യം ചര്‍ച്ച ചെയ്ത ഹിജാബ് വിവാദത്തിന് പിന്നാലെ കര്‍ണാടകയിലെ ക്ഷേത്രോത്സവങ്ങളില്‍ നിന്ന് മുസ്ലിം കച്ചവടക്കാരെ വിലക്കണമെന്നും ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

വീർ സവർക്കർ അവാർഡ് സ്വീകരിക്കാത്തത് എന്തുകൊണ്ട്? കാരണം വിശദീകരിച്ച് ശശി തരൂർ; ഒന്നിലും വ്യക്തതയില്ലെന്ന് കുറിപ്പ്
ഇൻഡിഗോയ്ക്കെതിരെ കേന്ദ്രം; ആവശ്യമെങ്കിൽ സിഇഒയെ പുറത്താക്കാൻ നിർദ്ദേശിക്കും, നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്ന് മന്ത്രി