
ബെംഗളൂരു: 45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കർണാടകിലെ ചിരായു ആശുപത്രിയിലെ അനസ്തേഷ്യോളജിസ്റ്റായ ഡോ. കിരൺ ഹൊനണ്ണവർ (45) ആണ് കൊല്ലപ്പെട്ടത്. എട്ടു വയസ്സുകാരനായ മകനെ കുത്തേറ്റ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടറുടെ ഭാര്യയും ഒഫ്താൽമോളജിസ്റ്റുമായ ഡോ. പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
ധാർവാഡിലെ അതീവ സുരക്ഷയുള്ള ഫ്ലാറ്റ് സമുച്ചയത്തിലാണ് കൊലപാതകം നടന്നിരിക്കുന്നത്. സംഭവ സമയത്ത് പുറത്തുനിന്ന് ആരും ഫ്ലാറ്റിലേക്ക് പ്രവേശിച്ചിട്ടില്ലെന്നാണ് സൂചനയെന്ന് ഹുബ്ലി-ധാർവാഡ് പൊലീസ് കമ്മീഷണർ എൻ ശശികുമാർ അറിയിച്ചത്. സംഭവ സമയത്ത് ഡോ. കിരൺ, ഡോ. പ്രിയങ്ക, മകൻ എന്നിവർ മാത്രമാണ് ഫ്ലാറ്റിൽ ഉണ്ടായിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്നും പൊലീസ് അറിയിച്ചു. കുടുംബ വഴക്കാണ് ഈ ദാരുണമായ സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. ഡോ. കിരണിനെ ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ബന്ധുക്കൾ വിളിച്ചപ്പോഴെല്ലാം ഭർത്താവ് വിശ്രമിക്കുകയാണെന്നും പിന്നീട് പുറത്തുപോയെന്നും പറഞ്ഞ് പ്രിയങ്ക ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാൽ വൈകുന്നേരമായിട്ടും കിരണിനെ ഫോണിൽ കിട്ടാതായതോടെ സംശയം തോന്നിയ ബന്ധുക്കൾ ഫ്ലാറ്റിലെത്തി പരിശോധിച്ചപ്പോഴാണ് ചോരയിൽ കുളിച്ചുകിടക്കുന്ന മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്ത മുറിയിൽ ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായ കുട്ടിയെയും കണ്ടെത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഫ്ലാറ്റിലെ രണ്ട് മുറികളിലായാണ് ഡോക്ടറുടെ മൃതദേഹവും പരിക്കേറ്റ കുട്ടിയും ഉണ്ടായിരുന്നത്.
ഫ്ലാറ്റിനുള്ളിൽ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ള ഡോ. പ്രിയങ്ക പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകുന്നതെന്ന് പൊലീസ് കമ്മീഷണർ വ്യക്തമാക്കി. കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ ഇരു കുടുംബങ്ങളിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും. ഡോ. പ്രിയങ്കയാണ് കൊലപാതകിയെന്ന് കിരണിന്‍റെ ബന്ധുക്കൾ ആരോപിക്കുന്നുണ്ടെങ്കിലും പൊലീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൊലപാതകത്തിന്റെ യഥാർത്ഥ കാരണവും എപ്പോഴാണ് സംഭവമെന്നും വ്യക്തമാകൂ എന്ന് സബർബൻ പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam