ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ വാർഡ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തകർപ്പൻ വിജയം. 12-ൽ 10 വാർഡുകളും നിർണായകമായ 5 സ്റ്റാൻഡിംഗ് കമ്മിറ്റി സീറ്റുകളും ബിജെപി നേടിയപ്പോൾ, ഭരണകക്ഷിയായ എഎപിക്ക് കനത്ത തിരിച്ചടി നേരിട്ടു. ഈ പരാജയം കോർപ്പറേഷൻ ഭരണത്തിൽ എഎപിക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കും.
ദില്ലി: ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) വാർഡ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ തറപറ്റിച്ച് ബിജെപി. 12 വാർഡ് കമ്മിറ്റികളിലേക്ക് നടന്ന നിർണായക തെരഞ്ഞെടുപ്പിലാണ് മികച്ച വിജയം ബിജെപി നേടിയത്. മത്സരം നടന്ന 10 വാർഡുകളിലും ബിജെപിയാണ് വിജയിച്ചത്. കോർപറേഷനിൽ നിർണായകമായ അഞ്ച് സ്റ്റാൻഡിംഗ് കമ്മിറ്റി സീറ്റുകളും ബിജെപി സ്വന്തമാക്കി. ഭരണകക്ഷിയായ എഎപിക്ക് കേവലം രണ്ട് വാർഡുകളിൽ മാത്രമാണ് വിജയിക്കാനായത്.
മേയർ പദവിയേക്കാൾ കൂടുതൽ സാമ്പത്തിക-ഭരണ അധികാരങ്ങളുള്ളതാണ് എം.സി.ഡി സ്റ്റാൻഡിംഗ് കമ്മിറ്റി. ഇതിലെ 6 സീറ്റുകളിലേക്കാണ് പ്രധാനമായും മത്സരം നടന്നത്. ഇതിൽ അഞ്ച് സീറ്റുകൾ ബിജെപി തൂത്തുവാരിയപ്പോൾ എ.എ.പിക്ക് ഒരൊറ്റ സീറ്റ് മാത്രമാണ് ലഭിച്ചത്. എ.എ.പിക്ക് ഭൂരിപക്ഷമുള്ള വാർഡുകളിൽ പോലും ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു. ഇതോടെ കനത്ത ക്രോസ് വോട്ടിംഗ് നടന്നതായാണ് നിഗമനം.
ഈ പരാജയം എം.സി.ഡിയുടെ ഭരണത്തിൽ ആം ആദ്മി പാർട്ടിക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കും. കോർപ്പറേഷന്റെ വികസന പദ്ധതികൾക്കും സാമ്പത്തിക അനുമതികൾക്കും ഇനി ബിജെപി നിയന്ത്രിക്കുന്ന സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അംഗീകാരം അനിവാര്യമായി മാറും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ബിജെപിക്ക് വലിയ രാഷ്ട്രീയ ഊർജ്ജം നൽകുന്നതാണ് ഈ വിജയം.


