
ദില്ലി: വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തിയ ഡോക്ടർ അറസ്റ്റിൽ. തെക്കൻ ദില്ലിയിലെ മൗണ്ട് കൈലാഷിലാണ് വീട്ടുജോലിക്കാരിയെ ചർമ്മരോഗ വിദഗ്ദ്ധനായ ഡോക്ടർ ക്രൂരമായി കൊലപ്പെടുത്തിയത്. വർഷങ്ങളായി തന്റെ വീട്ടിൽ ജോലി ചെയ്തിരുന്ന മീന (45) എന്ന സ്ത്രീയെ ആണ് ഡോ. മനീഷ് ഗുപ്ത ബാറ്റ് കൊണ്ടും കത്തി കൊണ്ടും ആക്രമിച്ചു കൊലപ്പെടുത്തിയത്. ഡോക്ടറെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ഡോക്ടറുടെ വീട്ടിലെ ടെറസിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലാണ് മീനയുടെ മൃതദേഹം കണ്ടെത്തിയത്.
മീന തനിക്കെതിരെ ആഭിചാര ക്രിയകൾ നടത്തിയിരുന്നതായും ഇത് തന്റെ കുടുംബത്തിന്റെ സമാധാനം തകർത്തതായും ഡോക്ടർ ആരോപിച്ചു. എന്നാൽ ഈ ആരോപണത്തെ സാധൂകരിക്കുന്ന യാതൊരു തെളിവുകളും അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ചോദ്യം ചെയ്യലിൽ ഡോക്ടർ പരസ്പര വിരുദ്ധമായ മൊഴികൾ നൽകിയതിനാൽ കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് ശേഷമാണ് പൊലീസിന് കൊലപാതകം സംബന്ധിച്ച് വിവരം ലഭിച്ചത്. ഉടൻ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തി. രക്തത്തിൽ കുളിച്ചുകിടന്ന മീനയുടെ മൃതദേഹത്തിന് സമീപം ഇരിക്കുകയായിരുന്ന ഡോ. മനീഷ് ഗുപ്തയെ കസ്റ്റഡിയിൽ എടുത്തു. ആദ്യം ബാറ്റ് ഉപയോഗിച്ച് മീനയെ അടിച്ചതായും അതിനുശേഷം കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചതായും പ്രതി പൊലീസിനോട് പറഞ്ഞു.
കൊലപാതകത്തിന് ഉപയോഗിച്ച ബാറ്റും കത്തിയും സംഭവ സ്ഥലത്തു നിന്ന് പൊലീസ് കണ്ടെടുത്തു. ഇവ കേസിൽ നിർണ്ണായക തെളിവുകളായി കോടതിയിൽ ഹാജരാക്കാൻ പൊലീസ് കണ്ടുകെട്ടിയിട്ടുണ്ട്. കൊലപാതകത്തിന്റെ യഥാർത്ഥ പ്രേരണ കാരണം അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുകയാണെന്ന് സൗത്ത് ഈസ്റ്റ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഹേമന്ത് തിവാരി വ്യക്തമാക്കി. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രത്യേക ക്രൈം ഇൻവെസ്റ്റിഗേഷൻ സംഘവും വിരലടയാള വിദഗ്ദ്ധരും സംഭവ സ്ഥലം സന്ദർശിച്ച് പരിശോധനകൾ നടത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam