
മധ്യപ്രദേശ്: ഭാര്യയുടേതെന്ന വ്യാജേന വീട്ടുജോലിക്കാരിയുടെ സ്രവം കൊവിഡ് പരിശോധനയ്ക്കായി അയച്ച ഡോക്ടർക്കെതിരെ കേസെടുത്തു. മധ്യപ്രദേശിലെ സിംഗ്രൗലിയിലാണ് സംഭവം. മധ്യപ്രദേശ് സ്വദേശിയായ ഡോക്ടറും കുടുംബവും കഴിഞ്ഞ മാസം വിവാഹത്തിൽ പങ്കെടുത്തിരുന്നു. സർക്കാർ ഡോക്ടറായ ഇദ്ദേഹം അനുമതിയില്ലാതെയാണ് ലീവെടുത്തത്. പിന്നീട് ഭാര്യയ്ക്ക് കൊവിഡ് രോഗലക്ഷണങ്ങൾ പ്രകടമായി. അതിനെ തുടർന്ന് ഭാര്യയുടേതെന്ന വ്യാജേന വീട്ടുജോലിക്കാരിയുടെ സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
അനുമതിയില്ലാതെ ലീവെടുത്ത് വിവാഹത്തിൽ പങ്കെടുത്ത കാര്യം അധികൃതരിൽ നിന്ന് മറച്ചുവയ്ക്കാൻ വേണ്ടിയായിരുന്നു ഇപ്രകാരം ചെയ്തത്. ഇദ്ദേഹത്തിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. സിംഗ്രോലിയിലെ ഖുത്തർ ആരോഗ്യകേന്ദ്രത്തിലെ ഡോക്ടറായ അഭയ് രജ്ഞൻ സിംഗിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കിഴക്കൻ യുപിയിലെ ബെല്ലിയയിലാണ് ഇദ്ദേഹം കുടുംബാംഗങ്ങൾക്കൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ പോയത്. ജൂൺ 23 ന് പോയ ഇദ്ദേഹം ജൂലൈ 1 ന് തിരികെയെത്തി.
എന്നാൽ തിരികെയെത്തിയതിന് ശേഷം ക്വാറന്റീനിൽ കഴിയാൻ കൂട്ടാക്കാതെ ഡ്യൂട്ടി തുടരുകയാണ് ചെയ്തത്. പിന്നീട് ഭാര്യയ്ക്ക് കൊവിഡ് ലക്ഷണങ്ങൾ പ്രകടമായപ്പോഴാണ് വീട്ടുജോലിക്കാരിയുടെ പേരിൽ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചത്. ഫലം പോസിറ്റീവായതിനെ തുടർന്ന് അധികൃതർ ജോലിക്കാരിയുടെ വീട്ടിൽ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. പിന്നീട് നടത്തിയ പരിശോധനയിൽ ഡോക്ടറുൾപ്പെടെയുള്ളവർ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി.
പകർച്ചവ്യാധി ദുരന്ത നിവാരണ നിയമപ്രകാരമാണ് ഡോക്ടർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊവിഡ് ചികിത്സ പൂർത്തിയാക്കിയാലുടൻ ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്ന് ബൈധാൻ പൊലീസ് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥൻ അരുൺ പാണ്ഡെ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam