
ദില്ലി: പൂന്തുറയിലെ പ്രതിഷേധത്തെ അപലപിച്ച് ദേശീയ വനിത കമ്മീഷൻ. വനിതാ ഡോക്ടർ അടക്കം ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചത് അപലപനീയമെന്ന് രേഖാ ശർമ ട്വിറ്ററിൽ കുറിച്ചു. കുറ്റക്കാർക്ക് എതിരെ കർശന നടപടി ഉണ്ടാവണമെന്ന് ദേശീയ വനിത കമ്മീഷൻ ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് കത്തയച്ചിട്ടുണ്ട്. തൽസ്ഥിതി റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകി. ആരോഗ്യ പ്രവർത്തകർക്ക് മതിയായ സുരക്ഷ ഉറപ്പ് വരുത്തണം എന്നും വനിതാ കമ്മീഷൻ നിർദേശിച്ചു.
കഴിഞ്ഞ ദിവസമാണ് സൂപ്പർ സ്പ്രെഡ് ഉണ്ടായ പൂന്തുറയിൽ ജനങ്ങൾ തെരുവിലിറങ്ങുകയും ആരഗ്യ പ്രവർത്തകരെ ആക്രമിക്കുകയും ചെയ്തത്. പരിശോധനകൾക്കായി എത്തിയ ആരോഗ്യപ്രവർത്തകരുടെ കാറിന്റെ ഗ്ലാസ് ബലം പ്രയോഗിച്ച് തുറക്കുകയും, മാസ്ക് മാറ്റി ചുമയ്ക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. സംഭവങ്ങളുടെ ദൃശ്യങ്ങളും പല ഭാഗങ്ങളിൽ നിന്നായി പുറത്തുവന്നിരുന്നു. അതേസമയം സംഭവത്തിൽ നിയമനടപടുകൾ സ്വീകരിക്കാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.
കൊവിഡ് പടരുന്നു എന്നത് വ്യാജ പ്രചാരണമെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഭക്ഷണ സാധനങ്ങൾ വാങ്ങാൻ പൊലീസ് അനുവദിക്കുന്നില്ലെന്ന് പറഞ്ഞ പ്രതിഷേധക്കാർ വിലക്ക് ലംഘിച്ച് റോഡിലിറങ്ങി. പൂന്തുറ മാത്രമല്ല മാണിക്യവിളാകത്തും വലിയ പള്ളിയിലും എല്ലാം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടും പൂന്തുറ വാര്‍ഡിൽ മാത്രം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും അവശ്യ സാധനങ്ങൾ പോലും കിട്ടാനില്ലെന്നുമായിരുന്നു നാട്ടുകാരുടെ ആക്ഷേപം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam