മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരെ പ്രതിഷേധം ശക്തം; മെഡിക്കൽ വിദ്യാർഥികൾ ഇന്ന് പഠിപ്പ് മുടക്കും

By Web TeamFirst Published Aug 2, 2019, 6:58 AM IST
Highlights

മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരെ പ്രതിഷേധം കടുപ്പിക്കുന്നു. മെഡിക്കൽ വിദ്യാർഥികൾ ഇന്ന് രാജ്യവ്യാപകമായി പഠിപ്പ് മുടക്കും.

ദില്ലി: മെഡിക്കൽ കമ്മീഷൻ ബിൽ രാജ്യസഭയിൽ പാസായതിന് പിന്നാലെ പ്രതിഷേധം കടുപ്പിച്ച് ഐഎംഎയും മെഡിക്കൽ വിദ്യാർഥികളും. രാജ്യവ്യാപകമായി മെഡിക്കൽ വിദ്യാർഥികൾ ഇന്ന് പഠിപ്പുമുടക്കും. എല്ലാ മെഡിക്കൽ കോളേജുകളിലും വിദ്യാർഥികൾ ഉപവാസം തുടങ്ങി. 

അവസാന വർഷ എംബിബിഎസ് പരീക്ഷ പിജി പരീക്ഷക്കുള്ള മാനദണ്ഡമാക്കുന്ന മെഡിക്കൽ കൗണ്‍സിൽ ബില്ലിലെ വ്യവസ്ഥക്കെതിരെയാണ് വിദ്യാർഥി പ്രതിഷേധം. ഐഎംഎയുടെ തുടർ സമരങ്ങൾ ഞായറാഴ്ച ആലുവയിൽ ചേരുന്ന യോഗത്തിൽ തീരുമാനിക്കും. അതേസമയം രാജ്ഭവനുകൾക്ക് മുന്നിൽ മെഡിക്കൽ വിദ്യാർഥികൾ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു.

ബില്ലിലെ വ്യവസ്ഥകൾ

എംബിബിഎസ് അവസാന വർഷ പരീക്ഷ രാജ്യത്താകെ ഒറ്റ പരീക്ഷയാക്കും. ഇതേ പരീക്ഷയുടെ മാർക്കാവും എംഡി കോഴ്‍സിലേക്കുള്ള പ്രവേശനത്തിനും ആധാരം. ദേശീയതല മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്‍റെ അടിസ്ഥാനത്തിലാവും എയിംസ് ഉൾപ്പടെ എല്ലാ സ്ഥാപനങ്ങളിലേക്കും പ്രവേശനം. സ്വകാര്യ മെഡിക്കൽ കോളേജുകളിലെ അമ്പത് ശതമാനം സീറ്റുകളിൽ ഫീസിന് കേന്ദ്രസർക്കാർ മാനദണ്ഡം നിശ്ചയിക്കും.  

പ്രാഥമിക ശുശ്രൂഷയ്ക്കും പ്രതിരോധ കുത്തിവയ്‍പുകൾക്കും, മിഡ് ലെവൽ ഹെൽത്ത് വർക്കർ എന്ന പേരിൽ ഡോക്ടർമാരല്ലാത്ത വിദഗ്‍ധർക്കും നിയന്ത്രിത ലൈസൻസ് നൽകും. 25 അംഗ ദേശീയ മെഡിക്കൽ കമ്മീഷനാവും മെഡിക്കൽ രംഗവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലെയും അന്തിമ അതോറിറ്റി.

ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഇല്ലാതാകും. പകരം മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നൽകാൻ മെഡിക്കൽ കമ്മീഷന് കീഴിൽ സ്വതന്ത്ര ബോർഡുകൾ സ്ഥാപിക്കും. സംസ്ഥാനങ്ങൾ സംസ്ഥാന മെഡിക്കൽ കൗൺസിലുകൾ സ്ഥാപിക്കണം - എന്നിങ്ങനെ നീളുന്നു ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിലെ വ്യവസ്ഥകൾ. 

click me!