
ലഖ്നൗ: ഉന്നാവ് പെൺകുട്ടിയെ വിദഗ്ധ ചികിത്സക്കായി ദില്ലിയിലേക്ക് മാറ്റുന്ന കാര്യത്തിൽ ഉത്തർപ്രദേശ് സർക്കാർ സുപ്രീംകോടതിയെ ഇന്ന് തീരുമാനമറിയിക്കും. ഡോക്ടർമാരുടെ നിർദ്ദേശത്തിനൊപ്പം പെൺകുട്ടിയുടെ കുടുംബത്തോട് കൂടി ആലോചിച്ച് തീരുമാനം എടുക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.
ദില്ലിയിലേക്ക് ചികിത്സ മാറ്റാമെന്ന് പെൺകുട്ടിയുടെ ബന്ധുക്കളിൽ ഒരു വിഭാഗം സമ്മതിക്കുമ്പോൾ ലഖ്നൗവിൽ ചികിത്സ തുടരാമെന്നാണ് അമ്മയടക്കമുള്ള ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാൽ, വിദഗ്ധ ചികിത്സ ലഖ്നൗവിലെ കിംഗ് ജോർജ് ആശുപത്രിയിൽ ലഭ്യമാണെന്നും പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നുമാണ് ഡോക്ടർമാരുടെ നിലപാട്. സുപ്രീംകോടതി നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസം 25 ലക്ഷം രൂപയുടെ സഹായധനം ഉത്തർപ്രദേശ് സർക്കാർ പെൺകുട്ടിയുടെ അമ്മക്ക് കൈമാറിയിരുന്നു.
ഉന്നാവ് കേസുകളുടെ വിചാരണ ലഖ്നൗവിലെ സിബിഐ കോടതിയിൽ നിന്ന് ദില്ലിയിലേക്ക് മാറ്റാമെന്നും അടിയന്തിര സഹായമായി 25 ലക്ഷം രൂപയും കേന്ദ്രസേനയുടെ സുരക്ഷയും പെൺകുട്ടിക്ക് ഉറപ്പാക്കണമെന്നുമായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടത്. നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നാവ് പെണ്‍കുട്ടി അയച്ച കത്ത് പരിഗണിച്ചായിരുന്നു സുപ്രീംകോടതിയുടെ ഇടപെടൽ. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതടക്കമുള്ള നാല് കേസുകളാണ് നിലവിൽ ലക്നൗ സിബിഐ കോടതിയിലുള്ളത്. ഇതിന് പുറമെയാണ് പെണ്‍കുട്ടിയെ വാഹനമിടിച്ച് കൊല്ലാൻ ശ്രമിച്ച കേസ്. ഈ അഞ്ച് കേസുകളുടെയും വിചാരണയാണ് ദില്ലിയിലേക്ക് മാറ്റിയത്.
ഉന്നാവ് കേസ് പരിഗണിക്കാനായി ദില്ലിയിൽ പ്രത്യേക കോടതി സ്ഥാപിക്കും. 45 ദിവസത്തിനകം എല്ലാ കേസുകളിലെയും വിചാരണ പൂര്‍ത്തിയാക്കണം. വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിന്‍റെ അന്വേഷണം ഏഴ് ദിവസത്തിനകം പൂര്‍ത്തിയാക്കി കുറ്റപത്രം നൽകണമെന്നും കോടതി ഉത്തരവിട്ടു. ആവശ്യമെങ്കിൽ ഒരാഴ്ച കൂടി അധികം സമയമെടുക്കാം. പെണ്‍കുട്ടിക്കും കുടുംബത്തിനും സിആര്‍പിഎഫിന്‍റെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam