പറഞ്ഞത് കള്ളം, എയർപോർട്ടിൽ വെച്ച് വാച്ച് മോഷ്ടിച്ചെന്ന ആരോപണം തള്ളി സിഐഎസ്എഫ്; പോസ്റ്റ് ഡിലീറ്റ് ചെയ്ത് ഡോക്ടർ

Published : Jan 27, 2025, 08:26 PM IST
പറഞ്ഞത് കള്ളം, എയർപോർട്ടിൽ വെച്ച് വാച്ച് മോഷ്ടിച്ചെന്ന ആരോപണം തള്ളി സിഐഎസ്എഫ്; പോസ്റ്റ് ഡിലീറ്റ് ചെയ്ത് ഡോക്ടർ

Synopsis

ഡോക്ടർ പോസ്റ്റ് ചെയ്ത പോലെ ഒരു സംഭവവും ഉണ്ടായിട്ടില്ലെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വ്യക്തമായതായി സിഐഎസ്എഫ് പറയുന്നു.

ദില്ലി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സെക്യൂരിറ്റി ചെക്കിങ് ഏരിയയിൽ നിന്ന് ആപ്പിൾ വാച്ച് മോഷണം പോയെന്ന് ആരോപിച്ച് ഒരു ഡോക്ടർ പോസ്റ്റ് ചെയ്ത കുറിപ്പ് കഴിഞ്ഞ ദിവസം വൈറലായിരുന്നു. എന്നാൽ ഇങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നും ഡോക്ടർ പറ‌ഞ്ഞതെല്ലാം നുണയാണെന്നും വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സിഐഎസ്എഫിന്റെ വിശദീകരണം. 

വിമാനത്താവളത്തിൽ സെക്യൂരിറ്റി പരിശോധനയ്ക്ക് വേണ്ടി വാച്ച് ഉൾപ്പെടെയുള്ള സാധനങ്ങൾ ട്രേയിൽ വെച്ച ശേഷം തിരിച്ചെടുക്കാൻ ചെന്നപ്പോൾ തന്റെ ആപ്പിൾ വാച്ച് കാണാതായെന്നായിരുന്നു ഗുരുഗ്രാമം സ്വദേശിയായ ഓർത്തോപീഡിക് സർജൻ ഡോ. തുഷാർ മേത്ത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത നീണ്ട കുറിപ്പിൽ ആരോപിച്ചത്. സിഐഎസ്എഫുകാരനോട് കാര്യം പറ‌ഞ്ഞപ്പോൾ പോക്കറ്റിലും ബാഗിലും ഒന്നുകൂടി നോക്കാൻ നിർദേശിച്ചത്രെ. 

അപ്പോൾ അടുത്തുകണ്ട ഒരു യുവാവിനെ സംശയം തോന്നി അയാളുടെ അടുത്ത് പോയി പോക്കറ്റിൽ കൈയിട്ട് പരിശോധിച്ചപ്പോൾ വാച്ച് കിട്ടിയെന്നും എന്നാൽ  തൊട്ടടുത്തുള്ള ഒരു വാച്ച് സ്റ്റോറിലെ ജീവനക്കാരൻ ഈ സമയം ഇറങ്ങി വന്ന് ഈ യുവാവിനെ സംരക്ഷിച്ചുവെന്നും ഡോക്ടർ ആരോപിച്ചു. മുഹമ്മദ് സാഖിബ്, ഷൊഐബ് എന്നീ യുവാക്കളുടെ പേരും ഡോക്ടർ തന്റെ പോസ്റ്റിൽ പറഞ്ഞിരുന്നു. 

രണ്ട് യുവാക്കളും തന്നോട് വഴക്കുണ്ടാക്കിയെന്നും പിന്നീട് ഇവരിൽ ഒരാൾ ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനൊപ്പം എത്തി തന്നോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടതായും തനിക്ക് പരിചയമുള്ള ഒരു മുതിർന്ന സിഐഎസ്എഫ് ഓഫീസറെ ഫോണിൽ വിളിച്ചാണ് പ്രശ്നം പരിഹരിച്ചതെന്നുമൊക്കെയായിരുന്നു ഡോക്ടറുടെ ആരോപണം. എന്നാൽ ഇങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നാണ് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം സിഐഎസ്എഫിന്റെ എയർപോർട്ട് സെക്യൂരിറ്റി വിഭാഗം അറിയിച്ചത്. 

സെക്യൂരിറ്റി ചെക്കിങിന് ശേഷവും ഡോക്ടർ കൈയിൽ തന്നെ വാച്ച് ധരിച്ചിരിക്കുന്നത് വീഡിയോയിൽ കാണാം. വാച്ചും ധരിച്ച് ബോർഡിങ് ഗേറ്റിലേക്ക് നേരെ പോകുന്ന ഇയാൾ സിഐഎസ്എഫ് ഉദ്യോഗസ്ഥരോട് ആരോടും സംസാരിക്കുന്നതുമില്ല. ശേഷം പ്രയാസമൊന്നുമില്ലാതെ ബോർഡിങ് പൂർത്തിയാക്കുന്നതും വീഡിയോയിൽ ഉണ്ടെന്ന് സിഐഎസ്എഫ് സോഷ്യൽ മീഡിയ പോസ്റ്റിൽ വിശദീകരിച്ചു. 

അടിസ്ഥാന രഹിതമായ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ആളുകളുടെ മനസിൽ അനാവശ്യമായ ആശങ്കകൾ സൃഷ്ടിക്കുമെന്നും ഇത് ഒഴിവാക്കണമെന്നും സിഐഎസ്എഫ് പോസ്റ്റിൽ പറയുന്നു. പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ ഡോക്ടർ തന്റെ കുറിപ്പ് ഡിലീറ്റ് ചെയ്തു. എക്സിലെ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി