
മഹബൂബാബാദ്: വയലിന് സമീപത്ത് ചത്ത നിലയിൽ 25 കുരങ്ങന്മാർ. തെലങ്കാനയിലെ മഹബൂബാബാദ് ജില്ലയിലെ കുരവി ഗ്രാമത്തിലെ ബൻജാരെ താണ്ടയിലാണ് 25ഓളം കുരങ്ങന്മാരെ ചത്ത നിലയിൽ കണ്ടെത്തിയത്. പാടത്തിന് സമീപത്തായി കൂട്ടിയിട്ട നിലയിലായിരുന്നു ഇവയുടെ മൃതദേഹം കണ്ടെത്തിയത്. കുരങ്ങന്മാരുടെ ശല്യം രൂക്ഷമായ മേഖലയിൽ സംഭവം കണ്ടെത്തിയ നാട്ടുകാരാണ് വിവരം വനംവകുപ്പിനെ അറിയിച്ചത്. കുരങ്ങന്മാർക്ക് വിഷം നൽകിയതാണ് സംഭവമെന്നാണ് വനംവകുപ്പ് സംശയിക്കുന്നത്.
സംഭവത്തിൽ പൊലീസും വനവകുപ്പും റവന്യൂ വിഭാഗവും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. പ്രതികളെ ഉടൻ കണ്ടെത്തുമെന്നാണ് പൊലീസ് വിശദമാക്കുന്നത്. 2020ലും മേഖലയിൽ സമാന രീതിയിലുള്ള സംഭവമുണ്ടായിരുന്നു. അന്ന് 40 കുരങ്ങന്മാരാണ് ചത്തത്. വിഷം നൽകിയ ശേഷം കുരങ്ങന്മാരെ ചാക്കിൽ കെട്ടി വച്ച നിലയിലാണ് 2020ൽ കണ്ടെത്തിയത്. സനിഗാപുരത്തിന് സമീപത്തെ മലയുടെ സമീപത്തായിരുന്നു ഈ സംഭവം. അഴുകിയ നിലയിൽ ആയിരുന്നതിനാൽ ചത്ത കുരങ്ങന്മാരെ പോസ്റ്റ്മോർട്ടം ചെയ്യുന്നതിൽ വലിയ ബുദ്ധിമുട്ടാണ് ഉണ്ടായത്.
ഏറെക്കാലമായി മഹബൂബാബാദിൽ കുരങ്ങുശല്യം രൂക്ഷമാണ്. കൃഷിയിടങ്ങളിലും വീടുകളിലും വരെ കുരങ്ങുകൾ എത്തുന്നതും വലിയ രീതിയിൽ നാശനഷ്ടമുണ്ടാക്കുന്നതും മേഖലയിൽ പതിവാണ്. കുരങ്ങുശല്യം മൂലം പുറത്തിറങ്ങാനാവാത്ത അവസ്ഥയും നാട്ടുകാർ നേരിടുന്നുണ്ട്. മറ്റൊരു സംഭവത്തിൽ 2024 നവംബറിൽ ഉത്തർ പ്രദേശിലെ ഹത്രാസിൽ 145 കുരങ്ങന്മാരെ എഫ്സിഐ ഗോഡൌണിന് സമീപം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഗോതമ്പ് ചാക്കുകളിൽ നിന്ന് കീടങ്ങളെ തടയാൻ പ്രയോഗിച്ച കീടനാശിനി ശ്വസിച്ചാണ് കുരങ്ങന്മാർ ചത്തതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിശദമായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam