ഡോക്ടർമാരുടെ സമരം ഏഴാം ദിവസത്തിലേക്ക്; ഒത്തുതീർപ്പ് ശ്രമം തുടർന്ന് മമത

By Web TeamFirst Published Jun 16, 2019, 5:46 AM IST
Highlights

ആയിരക്കണക്കിനാളുകൾ ചികിത്സ കാത്ത് കിടക്കുകയാണ്. അവരുടെ ജീവനെങ്കിലും ഓർ‍ത്ത് സർക്കാർ ഡോക്ടർമാർ ജോലിയിലേക്ക് മടങ്ങണം. അവരുടെ എല്ലാ ആവശ്യങ്ങളും ഞങ്ങൾ അംഗീകരിച്ചു- മമത ബാനർജി പറഞ്ഞു

കൊൽക്കത്ത: പശ്ചിമബംഗാളിന്‍റെ ആരോഗ്യമേഖലയെത്തന്നെ സ്തംഭിപ്പിച്ച് സർക്കാർ ഡോക്ടർമാരുടെ സമരം  ഏഴാം ദിവസത്തിലേക്ക്. മമത ബാനർജി വിളിച്ച് ചേർത്ത യോഗത്തിൽ ഡോക്ടർമാർ പങ്കെടുക്കാത്തതിനെത്തുടർന്ന് മമത ഉന്നതതല യോഗം വിളിച്ച് ചേർത്ത് സമരം ചെയ്യുന്ന ഡോക്ടർമാർക്ക് സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകി. 

ഡോക്ടർമാരുടെ എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചിരുന്നെന്നും അത് ഡോക്ടർമാർ കേൾക്കാൻ തയ്യാറായില്ലെന്നുമാണ് മമത ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. സമരം രാജ്യമാകെ വലിയ പ്രതിഷേധമാക്കി കൊണ്ടുവരാൻ ഡോക്ടർമാരുടെ സംഘടനയും തീരുമാനമെടുത്തതിന് പിന്നാലെയാണ് സമരം ഒത്തുതീർപ്പാക്കാനുള്ള ശ്രമം മമതയുടെ ഭാഗത്തുനിന്നും ഉണ്ടായത്. 

സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് കൊൽക്കത്ത ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഡോക്ടർമാർക്കെതിരായ പരസ്യ നിലപാടിൽ നിന്ന് മമത പിന്നോട്ട് പോയതോടെ ഒത്തുതീർപ്പ് സാധ്യതകൾക്ക് പ്രസക്തിയേറി.

അതേസമയം, കേന്ദ്രസർക്കാർ നിലപാട് കടുപ്പിക്കുകയാണ്. ആരോഗ്യമേഖല തന്നെ പ്രതിസന്ധിയിലായ സാഹചര്യത്തിൽ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനോട് റിപ്പോ‍ർട്ട് തേടിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച വേണ്ട ചികിത്സ കിട്ടാതെ രോഗി മരിച്ചെന്നാരോപിച്ച് ബന്ധുക്കൾ രണ്ട് ജൂനിയർ ഡോക്ടർമാരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് ജൂനിയർ ഡോക്ടർമാർ സമരം തുടങ്ങിയത്. 

ഇത് പിന്നീട് രാജ്യവ്യാപക പ്രതിഷേധമാവുകയായിരുന്നു. ആദ്യം ഇത് കേന്ദ്രസർക്കാർ ഡോക്ടർമാരെ ഉപയോഗിച്ച് സംസ്ഥാനസർക്കാരിനെതിരെ കളിക്കുകയാണെന്ന വാദം മുഖ്യമന്ത്രി ഉയർത്തിയെങ്കിലും മമത പതുക്കെ ആ വാദത്തിൽ നിന്ന് പിൻമാറുകയാണ്. പരിക്കേറ്റ ജൂനിയർ ഡോക്ടർമാരുടെ ചികിത്സയുടെ എല്ലാ ചെലവുകളും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് കൊൽക്കത്തയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മമതാ ബാനർജി വ്യക്തമാക്കി. 

സംസ്ഥാനത്ത് ആരോഗ്യമേഖലയെ തിരികെ കൊണ്ടുവരാൻ സംസ്ഥാനസർക്കാർ പ്രതിജ്ഞാ ബദ്ധമാണ്. ജൂൺ 10-ന് ഡോക്ടർമാർക്ക് മ‍ർദ്ദനമേറ്റത് നിർഭാഗ്യകരമാണ്. സംഭവത്തിൽ ഒരു സമവായത്തിലെത്താനുള്ള ശ്രമമാണ് തുടരുന്നത്. ആയിരക്കണക്കിനാളുകൾ ചികിത്സ കാത്തു കിടക്കുകയാണ്. അവരുടെ ജീവനെങ്കിലും ഓർ‍ത്ത് സർക്കാർ ഡോക്ടർമാർ ജോലിയിലേക്ക് മടങ്ങണം. അവരുടെ എല്ലാ ആവശ്യങ്ങളും ഞങ്ങൾ അംഗീകരിച്ചു. മന്ത്രിമാരെയും പ്രിൻസിപ്പൽ സെക്രട്ടറിയെയും അടക്കം ഒരു സമിതിയെ ഡോക്ടർമാരുമായുള്ള ചർച്ചയ്ക്ക് ഞാൻ നിയോഗിച്ചിരുന്നു. അവർ അഞ്ച് മണിക്കൂർ കാത്തിരുന്നെങ്കിലും ഡോക്ടർമാർ വന്നില്ല. ഭരണഘടനാസ്ഥാപനമെന്ന് കണക്കാക്കിയുള്ള ബഹുമാനം സർക്കാരിന് ഡോക്ടർമാർ നൽകണം - മമതാ ബാനർജി പറഞ്ഞു.

സമരം ചെയ്യുന്ന ഡോക്ടർമാരിൽ ഒരാളെപ്പോലും അറസ്റ്റ് ചെയ്യാൻ സംസ്ഥാന സർക്കാർ മെനക്കെട്ടിട്ടില്ല. ഇത് ഡോക്ടർമാരോടുള്ള ബഹുമാനം മൂലമാണ്. പക്ഷേ ആരോഗ്യസർവീസുകൾ ഇങ്ങനെ തുടരുന്നത് അംഗീകരിക്കാനാകില്ല. ഒരു കടുത്ത നടപടിയ്ക്കുമില്ല, ഡോക്ടർമാർ സർവീസിലേക്ക് മടങ്ങിയെത്തണം - മമത ആവശ്യപ്പെടുന്നു.

ഇതിന് പിന്തുണയുമായി രാജ്യത്തെ പല മെഡിക്കൽ കോളേജുകളിലും ഡോക്ടർമാർ പ്രതിഷേധപ്രകടനം നടത്തി. ദില്ലി എയിംസിലടക്കം പ്രതിഷേധപ്രകടനം നടന്നു. അവശ്യസർവീസുകൾ തടസ്സപ്പെട്ടു. കൊൽക്കത്തയിൽ പല സർക്കാർ മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും ആയിരക്കണക്കിന് രോഗികളാണ് ചികിത്സ കിട്ടാതെ വലയുന്നത്. വ്യാഴാഴ്ച 24 നോർത്ത് പർഗാനാസ് ജില്ലയിൽ ചികിത്സ കിട്ടാതെ രണ്ട് ദിവസം മാത്രം പ്രായമായ നവജാത ശിശു മരിച്ചിരുന്നു. 

click me!