
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി മുൻ അമേരിക്കൻ പ്രസിഡന്റും യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്. മഹാനായ സുഹൃത്താണ് മോദിയെന്ന് ട്രംപ് പറഞ്ഞു. മോദി ധൈര്യശാലിയായ ഭരണാധികാരിയാണെന്നും ഇന്ത്യയ്ക്ക് എതിരെ ഭീഷണി ഉയരുന്ന ഘട്ടങ്ങളിൽ അദ്ദേഹം ഒരു 'ടോട്ടൽ കില്ലറാ'ണെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. ഒരു പോഡ്കാസ്റ്റിനിടെയാണ് ട്രംപ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
അമേരിക്കൻ പ്രസിഡന്റായിരുന്ന കാലത്ത് നടന്ന ഒരു സംഭവത്തെ കുറിച്ച് ട്രംപ് വെളിപ്പെടുത്തി. 'ഒരു രാജ്യത്ത്' നിന്ന് ഇന്ത്യയ്ക്ക് നേരെ നിരന്തരമായി ഭീഷണി ഉയർന്നിരുന്നതായി ട്രംപ് പറഞ്ഞു. ഈ സമയം അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ഇന്ത്യയെ സഹായിക്കാൻ താൻ തയ്യാറായിരുന്നു. സഹായിക്കാൻ അനുവദിക്കണമെന്ന് മോദിയെ അറിയിച്ചു. 'അവരുമായി' തനിയ്ക്ക് നല്ല സൗഹൃദമുണ്ടെന്നും സഹായിക്കാമെന്നും മോദിയ്ക്ക് വാഗ്ദാനം നൽകി. എന്നാൽ 'ആവശ്യമായത് എന്താണോ അത് ഞാൻ ചെയ്യും. നൂറുകണക്കിന് വർഷങ്ങളായി അവരെ ഞങ്ങൾ പരാജയപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ്' എന്നായിരുന്നു മോദിയുടെ മറുപടിയെന്ന് ട്രംപ് വെളിപ്പെടുത്തി. മോദിയുടെ ശബ്ദം അനുകരിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാൽ, ആ രാജ്യം ഏതാണെന്ന് ട്രംപ് വ്യക്തമാക്കിയില്ല എന്നതാണ് ശ്രദ്ധേയം.
മോദി പ്രധാനമന്ത്രിയായി എത്തുന്നതിന് മുമ്പ് ഇന്ത്യ അസ്ഥിരമായിരുന്നുവെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. 2019ൽ ഹൂസ്റ്റണിൽ നടന്ന 'ഹൗഡി മോദി' എന്ന പരിപാടിയും അദ്ദേഹം ഓർത്തെടുത്തു. വളരെ മനോഹരമായ പരിപാടിയായിരുന്നു അതെന്നും അന്ന് 80,000ത്തോളം ആളുകളാണ് പരിപാടിയിൽ പങ്കെടുത്തതെന്നും ട്രംപ് പറഞ്ഞു. മോദിയോടൊപ്പം വൻ ജനാവലിയ്ക്കിടയിലൂടെ നടന്ന നിമിഷങ്ങളും അദ്ദേഹം പങ്കുവെച്ചു.
READ MORE: 31 എംക്യു-9ബി 'ഹണ്ടർ കില്ലർ' ഡ്രോണുകൾ, ആണവ അന്തർവാഹിനികൾ; നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam