
വാഷിംഗ്ടൺ: ഓപ്പറേഷൻ സിന്ദൂർ നിറുത്താൻ ഒരു നേതാവും ആവശ്യപ്പെട്ടില്ലെന്ന് നരേന്ദ്രമോദി ലോക്സഭയിൽ പറഞ്ഞതിന് പിന്നാലെ അവകാശവാദം ആവർത്തിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. സംഘർഷം നിറുത്താനുള്ള തൻ്റെ അഭ്യർത്ഥനയാണ് ഇന്ത്യയും പാകിസ്ഥാനും അംഗീകരിച്ചതെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, വെടി നിര്‍ത്തലില്‍ ബാഹ്യ സമ്മര്‍ദ്ദമില്ലായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് രാജ്യസഭയില്‍ മറുപടി നല്‍കി. ട്രംപ് കള്ളം ആവർത്തിക്കുന്നു എന്ന് വിളിച്ചു പറയാനുള്ള ധൈര്യം നരേന്ദ്ര മോദിക്കില്ലെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
ഇന്ത്യ പാകിസ്ഥാൻ സംഘർഷം തീർത്തത് ട്രംപാണോ എന്ന ചോദ്യം ശക്തമായി ഉയർന്നപ്പോഴാണ് ട്രംപിനെ പരാമർശിക്കാതെ ലോക്സഭയിൽ മോദി ഈ വാദം തള്ളിയത്. പാകിസ്ഥാൻ വലിയ ആക്രമണത്തിന് തയ്യാറെടുക്കുന്നു എന്ന് പറയാൻ ജെഡി വാൻസ് മാത്രമാണ് തന്നെ വിളിച്ചതെന്നും നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മോദിയുടെ പ്രസംഗം കഴിഞ്ഞ് ആറ് മണിക്കൂറിനുള്ളിലാണ് തൻ്റെ അഭ്യർത്ഥനപ്രകാരമാണ് ഇന്ത്യയും പാകിസ്ഥാനും സംഘർഷം അവസാനിപ്പിച്ചതെന്ന് ട്രംപ് ആവർത്തിച്ചത്. ഇന്ത്യ അടുത്ത സുഹൃത്തായതു കൊണ്ടാണ് ഇതിനു തയ്യാറായതെന്നും ട്രംപ് പറഞ്ഞു. പാർലമെൻ്റ് ചർച്ചയ്ക്ക് ശേഷവും വിഷയം സജീവമാക്കി നിറുത്താൻ ട്രംപിൻ്റെ വാക്കുകൾ രാഹുൽ ഗാന്ധിക്ക് ആയുധമായി.
രാജ്യസഭയിലെ ചര്‍ച്ചക്ക് മറുപടി പറഞ്ഞ അമിത് ഷായും വെടിനിർത്തലില്‍ ബാഹ്യ സമ്മര്‍ദ്ദമില്ലെന്ന് ആവര്‍ത്തിച്ചു. പ്രധാനമന്ത്രി മറുപടി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിരുന്നു. പാകിസ്ഥാന്‍ കേണപേക്ഷിച്ചത് കൊണ്ടാണ് സംഘർഷം നിറുത്തിയത് എന്ന വാദം ശക്തമാക്കാനാണ് പാർലമെൻ്റിൻ്റെ ഇരുസഭകളിലും ബിജെപി നോക്കിയത്. എന്നാൽ വെടിനിറുത്തൽ ട്രംപ് ആദ്യം പ്രഖ്യാപിച്ചതെങ്ങനെ എന്നതിൽ വ്യക്തമായ ഉത്തരം നല്‍കാനോ ട്രംപ് അസത്യം പറയുന്നു എന്ന് നേരിട്ട് പറയാനോ കേന്ദ്രസർക്കാരിന് കഴിഞ്ഞില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam