അഹമ്മദാബാദ് വിമാന ദുരന്ത അന്വേഷണ റിപ്പോർട്ട്: ഒരു നിഗമനത്തിലേക്കും എടുത്ത് ചാടരുതെന്ന് വ്യോമയാന മന്ത്രി

Published : Jul 12, 2025, 01:35 PM ISTUpdated : Jul 12, 2025, 01:37 PM IST
air India plane crash

Synopsis

ലോകത്തിലെ തന്നെ ഏറ്റവും മികച്ച പൈലറ്റുകളും വിമാന ക്രൂവുമാണ് രാജ്യത്തുള്ളത്. വ്യോമയാന മേഖലയിലെ നട്ടെല്ല് അവരാണ്. ഈ ഘട്ടത്തിൽ റിപ്പോർട്ടിനേക്കുറിച്ച് പ്രതികരിക്കുന്നത് അപക്വം

ദില്ലി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെനും ഒരു നിഗമനത്തിലേക്കും എടുത്ത് ചാടരുതെന്നും വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പൈലറ്റുകളും വിമാന ക്രൂവുമാണ് രാജ്യത്തുള്ളത്. വ്യോമയാന മേഖലയിലെ നട്ടെല്ല് അവരാണ്. അതിനാൽ തന്നെ അന്വേഷണത്തിന്റെ ഈ തുടക്ക ഘട്ടത്തിൽ പെട്ടന്ന് തന്നെ നിഗമനങ്ങളിൽ എത്തേണ്ടതില്ലെന്നാണ് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു ശനിയാഴ്ച പ്രതികരിച്ചത്. നിലവിൽ റിപ്പോർട്ടിനേക്കുറിച്ച് പ്രതികരിക്കുന്നത് അപക്വമായി പോകുമെന്നും മന്ത്രി വിശദമാക്കി.

വിമാനത്തിലെ രണ്ട് ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ചുകള്‍ ഓഫായതിലെ നിഗൂഢതയാണ് എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ അന്വേഷണത്തിലൂടെ ഇനി പുറത്ത് വരേണ്ടത്. സാങ്കേതിക പ്രശ്നം മുതല്‍ മാനുഷികമായ പിഴവ് വരെയുള്ള സാധ്യതകളാണ് വിലയിരുത്തപ്പെടുന്നത്. പ്രാഥമിക റിപ്പോര്‍ട്ടില്‍ ആര്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശയില്ല. ടേക്ക് ഓഫ് ചെയ്ത് വെറും മുപ്പത് സെക്കന്‍റിനുളളില്‍ സംഭവിച്ച മഹാദുരന്തം. എഞ്ചിനുകളിലേക്ക് ഇന്ധനം കടത്തിവിടുന്ന രണ്ട് സ്വിച്ചുകള്‍ എങ്ങനെ ഓഫായിയെന്നതിലാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ മുഴുവന്‍ ദുരൂഹതയും നിലനില്‍ക്കുന്നത്. പറക്കാനാവശ്യമായ വേഗം വിമാനം കൈവരിച്ചതിന് പിന്നാലെ മൂന്ന് സെക്കന്‍റിനുള്ളില്‍ ആദ്യ സ്വിച്ച് റണ്‍ പൊസിഷനില്‍ നിന്ന് കട്ട് ഓഫ് പൊസിഷനിലേക്ക് മാറി.വെറും ഒരു സെക്കന്‍റിനുള്ളില്‍ വലത് വശത്തുള്ള രണ്ടാമത്തെ സ്വിച്ചും ഓഫായി.

ഈ സമയം കോക്ക് പിറ്റ് വോയിസ് റെക്കോര്‍ഡറില്‍ രേഖപ്പെടുത്തിയ സംഭാഷണമാണ് ഏറെ നിര്‍ണ്ണായകമാകുന്നത്. എന്തിനാണ് രണ്ട് സ്വിച്ചുകളും ഓഫ് ചെയ്തതതെന്ന ചോദ്യവും ഞാന്‍ ചെയ്തിട്ടില്ലെന്നുള്ള മറുപടിയും. ആര് ആരോട് പറഞ്ഞെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമല്ല. സ്വാഭാവികമായും വിമാനം പറത്തുന്നയാള്‍ സഹപൈലറ്റിനോട് ഉന്നയിക്കാന്‍ സാധ്യതയുള്ള ചോദ്യമാണിത്. ഇവിടെ വിമാനം പറത്തിയത് സഹപൈലറ്റ് ക്ലീവ് കുന്ദറായിരുന്നു. മുഖ്യ പൈലറ്റ് ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍ നിരീക്ഷണ ദൗത്യത്തിലും. വിമാനം പറന്നുയര്‍ന്ന് അടിയന്തര സാഹചര്യമുണ്ടായാല്‍ എഞ്ചിനുകള്‍ ഓഫ് ചെയ്ത് ഓണ്‍ ചെയ്യാറുണ്ട്. എന്നാല്‍ ഇവിടെ അങ്ങനെയൊരു സാഹചര്യവും ഇല്ലായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. പക്ഷി ഇടിച്ചിട്ടില്ല,എഞ്ചനില്‍ തകരാറുമില്ല, ഗുണനിലവാരമുളള ഇന്ധവുമാണ് ഉപയോഗിച്ചിരിക്കുന്നത്. അറിയാതെ കൈതട്ടി സ്ഥാനം മാറുന്ന രീതിയിലല്ല ഈ സ്വിച്ചുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

ഒരു ബ്രാക്കറ്റ് സംവിധാനത്തിലാണ് സ്വിച്ചുകള്‍ സംരക്ഷിച്ചിരിക്കുന്നത്. രണ്ട് സ്വിച്ചുകളും കട്ട് ഓഫ് പൊസിഷനിലായി പത്ത് സെക്കന്‍റുകള്‍ക്ക് ശേഷം ആദ്യ സ്വിച്ച് റണ്‍ പൊസിഷനിലേക്ക് മാറ്റി. പിന്നാലെ രണ്ടാമത്തെ സ്വിച്ചും. പൂര്‍വ സ്ഥിതിയിലെത്താന്‍ കുറഞ്ഞത് രണ്ട് മിനിട്ടെങ്കിലും വേണമെന്നിരിക്കേ ചെറിയ സമയത്തില്‍ എഞ്ചിനുകളുടെ ശക്തി നഷ്ടപ്പെട്ട് ഏതാണ്ട് അറുനൂറടി ഉയരത്തില്‍ നിന്ന് വിമാനം നിലം പതിക്കുകയായിരുന്നു. വിമാനം പറക്കുമ്പോള്‍ റാം എയര്‍ ടര്‍ബൈന്‍ അഥവാ റാറ്റും പ്രവര്‍ത്തിപ്പിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. രണ്ട് എ‍ഞ്ചിനുകളും നിശ്ചലമായാലാണ് റാറ്റ് പ്രവര്‍ത്തിപ്പിക്കുക. അപ്പോള്‍ വലിയ ഊര്‍ജ്ജം വേണ്ട ടേക്ക് ഓഫ് ഘട്ടം കഴിഞ്ഞ് രണ്ട് എഞ്ചിനുകളും തകരാറായതെങ്ങനെയെന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. ഒരു മാസത്തിനുള്ളില്‍ പുറത്ത് വരുന്ന അന്തിമറിപ്പോര്‍ട്ടില്‍ ചിത്രം തെളിയുമെന്ന് പ്രതീക്ഷിക്കാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ