
ലക്നൗ: നാല് മാസം മുമ്പ് വിവാഹിതയായ 23കാരി ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്തു. ജീവനൊടുക്കുന്നത് മൊബൈൽ ക്യാമറയിൽ പകർത്തുകയും ചെയ്തിട്ടുണ്ട്. ഭർത്താവിനും ഭർത്താവിന്റെ അച്ഛൻ, സഹോദരി എന്നിവർക്കുമെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും അവരാണ് തന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കുന്നതെന്നും വീഡിയോയിൽ യുവതി ആരോപിക്കുന്നു.
ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേശിയായ അംറീൻ ജഹാൻ നാല് മാസം മുമ്പാണ് പ്രണയിച്ച് വിവാഹം ചെയ്തത്. ഭർത്താവ് ബംഗളുരുവിൽ വെൽഡിങ് ജോലി ചെയ്യുകയാണ്. വിവാഹ ശേഷം ഭർത്താവിന്റെ കുടുംബത്തിനൊപ്പം കഴിയുമ്പോൾ കുടുംബാംഗങ്ങളുടെ ക്രൂരമായ പെരുമാറ്റം തനിക്ക് നേരെയുണ്ടായി എന്നാണ് പ്രധാന ആരോപണം. പലപ്പോഴും താൻ ഭക്ഷണം കഴിക്കുന്നതിനെ ചോദ്യം ചെയ്തു, ചിലപ്പോൾ മുറിയിലേക്കുള്ള വൈദ്യുതി ഓഫാക്കി എന്നും വീഡിയോയിൽ പറയുന്നു. ഭർത്താവിന്റെ സഹോദരി ഖദീജയും അച്ഛൻ ഷാഹിദുമാണ് മരണത്തിന് ഉത്തരവാദിയെന്നും തന്നെ മനസിലാക്കാതെ എല്ലാം തന്റെ കുറ്റമാണെന്ന് പറയുന്ന ഭർത്താവും ഭാഗികമായി ഉത്തരവാദിയാണെന്നും യുവതി ആരോപിച്ചു.
അച്ഛനും സഹോദരിയും എപ്പോഴും ഭർത്താവിനോട് ഓരോന്ന് പറഞ്ഞുകൊടുക്കും. തനിക്ക് സുഖമില്ലാത്തപ്പോൾ ചികിത്സയ്ക്കായി പണം ചെലവഴിച്ചത് തെറ്റായിപ്പോയെന്ന് ഭർത്താവിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു. ആ പണം തിരികെ ചോദിക്കുമായിരുന്നു എപ്പോഴും. താനെങ്ങനെ ആ പണം കൊടുക്കും? താൻ മരിച്ചാൽ എന്ത് സംഭവിക്കുമെന്ന് അറിയില്ല, എന്നാൽ ഇപ്പോൾ ഉള്ളതിനേക്കാൾ നല്ല അവസ്ഥയിലായിരിക്കും എന്ന് തോന്നുന്നുവെന്നും യുവതി ക്യാമറയിൽ നോക്കി പറഞ്ഞ ശേഷമാണ് ആത്മഹത്യ ചെയ്തത്.
അംരീന്റെ മൃതദേഹം പൊലീസ് പോസ്റ്റ്മോർട്ടത്തിന് അയച്ചു. യുവതിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തലേ ദിവസം രാത്രി മകൾ തന്നെ വിളിച്ച് കരഞ്ഞുവെന്നും തന്നെ ഉപദ്രവിക്കുന്നുവെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടുവെന്നും അച്ഛൻ പറഞ്ഞു. താൻ ഉടനെ മകളുടെ അടുത്തേക്ക് പുറപ്പെട്ടു. അവിടെ എത്തുമ്പോഴേക്കും മകൾ ആത്മഹത്യ ചെയ്ത് കഴിഞ്ഞിരുന്നുവെന്നും അച്ഛൻ പരാതിയിൽ ആരോപിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-255205)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം