'ശബരിമലയില്‍ കാണിക്കയിടരുത്, കേരള സര്‍ക്കാരിനെ പാഠം പഠിപ്പിക്കണം': കപിലാശ്രമ മഠാധിപതി

By Web TeamFirst Published Dec 10, 2019, 11:07 AM IST
Highlights

''ശബരിമല ക്ഷേത്രത്തിലെ വരുമാനത്തില്‍ മാത്രമാണ് സര്‍ക്കാരിന്‍റെ കണ്ണ്. അതുകൊണ്ട് നമ്മള്‍ അയ്യപ്പ ഭക്തര്‍ കേരള സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കണം,  കേരളത്തിന് പുറത്ത് നിന്ന് ശബരിമലയിലെത്തുന്ന ഒരു ഭക്തനും ഒരു രൂപ പോലും കാണിക്കവഞ്ചിയിലിടരുത്''

മംഗളൂരു: ശബരിമല സ്ത്രീപ്രവേശനത്തെ പിന്തുണച്ച കേരള സര്‍ക്കാരിനെ പാഠം പഠിപ്പിക്കണമെന്ന് ഉത്തരാഖണ്ഡ് ഗതീര്‍ഥ കപിലാശ്രമ മഠാധിപതി സ്വാമി രാമചന്ദ്ര ഭാരതി. സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി അന്തിമ വിധി പുറപ്പെടുവിപ്പിക്കാതെ അയ്യപ്പഭക്തര്‍ ഒരു രൂപ പോലും ശബരിമലയില്‍ കാണിക്ക ഇടരുതെന്നും രാമചന്ദ്ര ഭാരതി ആവശ്യപ്പെട്ടു. ദക്ഷിണ കന്നഡ അയപ്പസേവാസമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന അയ്യപ്പ ഭക്തരുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്യവെയാണ് കപിലാശ്രമ മഠാധിപതി സര്‍ക്കാരിനെതിരെ വിമര്‍ശനം നടത്തിയത്.

ശബരിമല സ്ത്രീപ്രവശനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളില്‍ കഴിഞ്ഞ വര്‍ഷം 9000 ഭക്തരെയാണ് കേരള സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്. ശബരിമല ക്ഷേത്രത്തിലെ വരുമാനത്തില്‍ മാത്രമാണ് സര്‍ക്കാരിന്‍റെ കണ്ണ്. അതുകൊണ്ട് നമ്മള്‍ അയ്യപ്പ ഭക്തര്‍ കേരള സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കണം, കര്‍ണാടക ഉള്‍പ്പടെ കേരളത്തിന് പുറത്ത് നിന്ന് ശബരിമലയിലെത്തുന്ന ഒരു ഭക്തനും ഒരു രൂപ പോലും കാണിക്കവഞ്ചിയിലിടരുതെന്ന് സ്വാമി രാമചന്ദ്ര ഭാരതി ആവശ്യപ്പെട്ടു.

നമുക്ക് ശബരിമലയില്‍ പോകാം, പ്രാര്‍ത്ഥിക്കാം, അപ്പവും അരവണയുമൊക്കെ വാങ്ങാം. എന്നാല്‍ ഖജനാവിലേക്ക് പണം പോകുന്ന ഭണ്ഡാരത്തില്‍ പണം ഇടരുത്. നമ്മളെല്ലാവരും വിചാരിച്ചാല്‍ ഭണ്ടാരപ്പിരിവു വഴി ഖജനാവിലേക്ക് പോകുന്ന പണം നിയന്ത്രിക്കാനാവും. കേരളത്തിന് പുറത്ത് നിന്നാണ് ഭക്തര്‍ കൂടുതലും ശബരിമലയിലെത്തുന്നതെന്നും രാമചന്ദ്ര ഭാരതി പറഞ്ഞു. പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വര്‍മ്മയുടെ സാന്നിധ്യത്തിലായിരുന്നു സ്വാമിയുടെ പ്രസംഗം.

click me!