
ഹരിയാന: ഇംഗ്ലീഷ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് ഒൻപത് വയസ്സുള്ള ദളിത് പെൺകുട്ടിയുടെയും മറ്റ് കുട്ടികളുടെയും മുഖത്ത് കറുത്ത അടയാളമിട്ടതിന് അധ്യാപികയെ അറസ്റ്റ് ചെയ്തു. ഹരിയാനയിലെ ഹിസാർ പട്ടണത്തിലെ സ്വകാര്യസ്കൂളിലാണ് സംഭവം. നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ മുഖത്താണ് അധ്യാപിക കറുത്ത പേന ഉപയോഗിച്ച് വരച്ചതിന് ശേഷം ക്ലാസിനുള്ളിലൂടെ നടത്തിയത്. മറ്റ് കുട്ടികളോട് ഇവരെ കളിയാക്കാനും ആവശ്യപ്പെട്ടു. കഴിഞ്ഞ വെളളിയാഴ്ചയാണ് സംഭവം നടന്നത്.
കൂലിത്തൊഴിലാളിയായ പെൺകുട്ടിയുടെ അച്ഛൻ ഇക്കാര്യം പൊലീസിൽ അറിയിക്കുകയായിരുന്നു. മകൾ ശനിയാഴ്ച സ്കൂളിൽ പോകാൻ തയ്യാറാകാത്തതിനെ തുടർന്ന് കാര്യം തിരക്കി. അപ്പോൾ പെൺകുട്ടി കരയാൻ തുടങ്ങി. പിന്നീട് മൂത്ത കുട്ടിയാണ് സ്കൂളിൽ നടന്ന സംഭവത്തെക്കുറിച്ച് പറഞ്ഞതെന്ന് പിതാവ് വിശദീകരിക്കുന്നു. അധ്യാപികയ്ക്കും സ്കൂളിനുമെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
പ്രാഥമിക അന്വേഷണത്തിന് ശേഷം ജുവനൈൽ ജസ്റ്റിസ് ആക്റ്റ് സെക്ഷൻ 75 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടാതെ ദളിതർക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്ന നിയമവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച സ്കൂളിലെത്തിയപ്പോൾ ഗേറ്റ് അടച്ചിട്ടതായിട്ടാണ് കാണാൻ സാധിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിനെതിരെ പ്രാദേശിക തലത്തിൽ വൻപ്രതിഷേധം ഉയർന്നു വന്നിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam