'അമ്മയ്ക്ക് സങ്കടം വരും, ഞാനിവിടെ കുടുങ്ങിയത് പറയല്ലേ': തളർന്ന ശബ്ദത്തിൽ 25കാരൻ, ടണലിൽ കുടുങ്ങിയിട്ട് 8 ദിവസം

Published : Nov 19, 2023, 06:13 PM IST
'അമ്മയ്ക്ക് സങ്കടം വരും, ഞാനിവിടെ കുടുങ്ങിയത് പറയല്ലേ': തളർന്ന ശബ്ദത്തിൽ 25കാരൻ, ടണലിൽ കുടുങ്ങിയിട്ട് 8 ദിവസം

Synopsis

"ഞങ്ങളുടെ അമ്മ വിഷമിക്കും എന്നതിലാണ് അവന് ആശങ്ക. ഇളയകുട്ടി ആയതിനാല്‍ വീട്ടില്‍ അമ്മക്കുട്ടിയാണ് അവന്‍. കുറച്ച് നിമിഷമേ സംസാരിക്കാന്‍ ലഭിച്ചുള്ളൂ"

ഡെറാഡൂണ്‍: "ഭായി, അമ്മയോട് പറയരുത്, ഞാനിവിടെ കുടുങ്ങിക്കിടക്കുകയാണെന്ന്..."- ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ അകപ്പെട്ട തൊഴിലാളികളില്‍ ഒരാളായ പുഷ്കര്‍ സഹോദരന്‍ വിക്രം സിംഗിനോട് സംസാരിച്ചപ്പോള്‍ പറഞ്ഞതാണിത്. 41 തൊഴിലാളികള്‍ ടണലില്‍ കുടുങ്ങിയിട്ട് എട്ട് ദിവസമായി. 

തുരങ്കത്തിനുള്ളില്‍പ്പെട്ട തൊഴിലാളികള്‍ക്ക് ഡ്രൈ ഫ്രൂട്ട്‌സും മരുന്നും വിതരണം ചെയ്യുന്നത് പൈപ്പ് വഴിയാണ്. അവരോട് സംസാരിക്കുന്നതും പൈപ്പ് വഴിയാണ്. പലരും സംസാരിക്കാന്‍ പോലും കഴിയാത്ത വിധം അവശ നിലയിലാണ്. വായുവില്ലാത്ത, വെളിച്ചമില്ലാത്ത ഇടത്താണ് എല്ലാവരും- "എനിക്ക് കുഴപ്പമൊന്നുമില്ല. വേറെ ചിലരുടെ കാര്യം... നീ സത്യം പറഞ്ഞാൽ നമ്മുടെ അമ്മ വിഷമിക്കും"- എന്നാണ് 25 വയസ്സുള്ള കെട്ടിട നിർമാണ തൊഴിലാളി തളര്‍ന്ന ശബ്ദത്തില്‍ സഹോദരനോട് പറഞ്ഞത്. 

ചമ്പാവത്ത് ജില്ലയിലെ ഛാനി ഗോത്ത് ഗ്രാമത്തില്‍ താമസിക്കുന്ന വിക്രം തന്റെ സഹോദരനുമായി സംസാരിച്ചതിന് ശേഷം കണ്ണീരോടെ പറഞ്ഞതിങ്ങനെ- "അവനോട് കുറച്ച് നേരം സംസാരിക്കാൻ എനിക്ക് വെള്ളിയാഴ്ച അവസരം കിട്ടി. ഞങ്ങളുടെ അമ്മ വിഷമിക്കും എന്നതിലാണ് അവന് ആശങ്ക. കുറച്ച് നിമിഷമേ സംസാരിക്കാന്‍ ലഭിച്ചുള്ളൂ. അതിനാൽ ഞാൻ അവന്റെ ആരോഗ്യത്തെ കുറിച്ച് അന്വേഷിച്ചു. പുറത്ത് നടക്കുന്ന രക്ഷാപ്രവർത്തനത്തെക്കുറിച്ച് അവനെ അറിയിക്കുകയും ചെയ്തു. വീട്ടിലെ ഇളയ കുട്ടി ആയതിനാല്‍ അവനോട് അമ്മയ്ക്ക് കുറച്ചധികം സ്നേഹമുണ്ട്"

ഉത്തരാഖണ്ഡ് റോഡ്‌വേസിൽ ജോലി ചെയ്യുന്ന വിക്രം, വാര്‍ത്തകളിലൂടെയാണ് തന്‍റെ സഹോദരന്‍ ടണലില്‍ കുടുങ്ങിയത് അറിഞ്ഞത്. പ്രായമായ മാതാപിതാക്കളോട് സംഭവത്തെ കുറിച്ച് പറയാതെ ഉടനെ ഉത്തരകാശിയിലേക്ക് ഓടി. പക്ഷെ അയല്‍വാസികള്‍ ടണല്‍ അപകടത്തെ കുറിച്ച് മാതാപിതാക്കളോട് പറഞ്ഞു. ഇതോടെ അവര്‍ വല്ലാത്ത ഞെട്ടലിലാണെന്നും വിക്രം വിശദീകരിച്ചു. 

ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി 19കാരിയെ ബലാത്സംഗം ചെയ്തു: സംഭവം ബാർക് ക്വാർട്ടേഴ്സിൽ, രണ്ട് പേർ പിടിയിൽ

ടണലില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ധൈര്യം പകരാന്‍ ഇടക്കിടെ അവരുമായി പുറത്തുള്ളവര്‍ ആശയവിനിമയം നടത്തുന്നുണ്ട്.  'എപ്പോൾ ഞങ്ങളെ പുറത്തു കൊണ്ടുവരും?' എന്ന ചോദ്യമാണ് അവരെന്നും ചോദിക്കുന്നത്. 

അതിനിടെ തൊഴിലാളികളെ രക്ഷിക്കാന്‍, നിർത്തിവെച്ചിരുന്ന ഡ്രില്ലിം​ഗ് വീണ്ടും തുടങ്ങി. ടണലിന് മുകളിലൂടെ തുരക്കാനുള്ള നടപടികളും പുരോ​ഗമിക്കുന്നതായി സ്ഥലത്തെത്തിയ കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി‌യും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമിയും അറിയിച്ചു. രക്ഷാദൗത്യം വിലയിരുത്തുന്നതിനായി ദുരന്ത മേഖലയിൽ എത്തിയതാണ് ഇരുവരും. ആദ്യ ഘട്ടത്തില്‍  ടണൽ മുഖത്ത് നിന്നുള്ള അവശിഷ്ടങ്ങൾ മാറ്റിക്കൊണ്ടാണ് രക്ഷാദൌത്യം നടത്തിയത്. മണ്ണിടിച്ചിലുണ്ടായതോടെ രക്ഷാദൗത്യം നിർത്തിവെക്കേണ്ട സാഹചര്യം വന്നു. എല്ലാ സാങ്കേതിക വിദ​ഗ്ധരെയും ഒന്നിച്ച് ചേർത്താണ് രക്ഷാദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് മന്ത്രി നിതിൻ ​ഗഡ്കരി വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നിർണ്ണായക നീക്കവുമായി ഇന്ത്യ; ബംഗ്ലാദേശ് നാഷണൽ പാർട്ടിക്ക് പിന്തുണയറിയിച്ച് പ്രധാനമന്ത്രി, താരിഖ് റഹ്‌മാന് കത്ത് കൈമാറി
മരിച്ചെന്ന് എല്ലാവരും വിശ്വസിച്ചു, എസ്ഐആർ രേഖകൾ ശരിയാക്കാൻ 28 വർഷത്തിന് ശേഷം മടങ്ങിവരവ്; മുസാഫർനഗറിൽ വൈകാരിക നിമിഷങ്ങൾ