
മുംബൈ: ഓഫിസിലേക്കെന്നും പറഞ്ഞ് യുക്രൈനിലുള്ള കാമുകിയെ കാണാൻ യുവാവ് പോയതിനെ തുടർന്ന് ഭാര്യ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ കല്യാണിലാണ് സംഭവം. 25കാരിയായ കാജലാണ് ജീവനൊടുക്കിയത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. യുവതിയുടെ ആത്മഹത്യയെ തുടർന്ന് ഭർത്താന് നിതീഷ് നായരെ (26) പൊലീസിനെ അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണു കേസെടുത്തത്. കാജലിന്റെ പിതാവിന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്.
ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനാണ് നിതീഷ്. യുക്രൈനിൽ ജോലി ചെയ്യുന്നതിനിടെ വിദേശ വനിതയുമായി അടുപ്പത്തിലായി. തുടർന്ന് ഇയാൾ കാമുകിയെ കാണാൻ ഇടക്കിടെ യുക്രൈനിൽ പോയിയെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് വിദേശവനിതയുമായുള്ള ഭർത്താവിന്റെ ബന്ധം കാജൽ അറിഞ്ഞത്. ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രങ്ങൾ കാജൽ കണ്ടു. തുടർന്ന് ഭർത്താവിന് മുന്നറിയിപ്പ് നൽകി. ബന്ധം തുടരരുതെന്നും യുക്രൈനിൽ പോകരുതെന്നും കാജൽ ആവശ്യപ്പെട്ടു. എന്നാൽ, ഭാര്യയുടെ എതിർപ്പ് അവഗണിച്ച് നവംബർ എട്ടിന് നിതീഷ് യുക്രൈനിലേക്ക് പോവുകയായിരുന്നു എന്ന് കാജലിന്റെ കുടുംബം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
മുംബൈയിലെ തന്റെ ഓഫിസിലേക്കു പോവുകയാണെന്നു പറഞ്ഞാണ് നിതീഷ് വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ യുക്രൈനിലെത്തിയ ഇയാൾ ഇനി തിരികെ വരില്ലെന്നു ഭാര്യക്ക് സന്ദേശമയച്ചു. പിന്നാലെ, യുവതി വീടിനുള്ളിൽ ജീവനൊടുക്കുകയായിരുന്നു. ഭർത്താവ് വരില്ലെന്ന് അറിയിച്ച് സന്ദേശമയച്ച കാര്യം യുവതി ആത്മഹത്യക്ക് മുമ്പ് അമ്മയോട് വെളിപ്പെടുത്തി. ഭാര്യയുടെ മരണവിവരമറിഞ്ഞ നിതീഷ് നാട്ടിലെത്തി. തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.