ഡോ. കഫീൽ ഖാൻ ജയിൽ മോചിതനായി; മോചനം എട്ട് മാസത്തെ ജയിൽവാസത്തിന് ശേഷം

By Web TeamFirst Published Sep 2, 2020, 9:47 AM IST
Highlights

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പരിപാടിക്കിടെ വിദ്വേഷപ്രസംഗം നടത്തിയെന്ന് ആരോപിച്ച് ഉത്തർപ്രദേശ് സർക്കാർ തടവിലിട്ട് കഫീൽ ഖാന് അലഹാബാദ് ഹൈക്കോടതിയാണ് ഇന്നലെ ജാമ്യം അനുവദിച്ചത്.

ദില്ലി: ദേശീയ സുരക്ഷ നിയമപ്രകാരം അറസ്റ്റിലായ ഉത്തര്‍പ്രദേശിലെ ഡോ. കഫീൽ ഖാൻ ജയിൽ മോചിതനായി. ഇന്ന് പുലർച്ചയോടെയാണ് മഥുര ജയിലിൽ നിന്ന്  കഫീൽ ഖാൻ പുറത്തിറങ്ങിയത്. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് യുപി സർക്കാർ കഫീൽ ഖാനെ മോചിപ്പിച്ചത്. എട്ട് മാസത്തെ ജയിൽവാസത്തിന് ശേഷമാണ് കഫീൽ ഖാന്‍റെ മോചനം.

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പരിപാടിക്കിടെ വിദ്വേഷപ്രസംഗം നടത്തിയെന്ന് ആരോപിച്ച് ഉത്തർപ്രദേശ് സർക്കാർ തടവിലിട്ട് കഫീൽ ഖാന് അലഹാബാദ് ഹൈക്കോടതിയാണ് ഇന്നലെ ജാമ്യം അനുവദിച്ചത്. കേസിൽ ഉത്തർപ്രദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച കോടതി, കഫീൽ ഖാന് സ്വഭാവിക നീതി നിഷേധിച്ചെന്ന് ചൂണ്ടിക്കാട്ടി. യാതൊരു തെളിവും ഇല്ലാതെ നിയമവിരുദ്ധമായാണ് യുപി സര്‍ക്കാര്‍ കഫീൽ ഖാനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയതെന്ന് കോടതി നിരീക്ഷിച്ചു. കഫീൽ ഖാന്റെ അമ്മ നുസ്രത്ത് പർവീൻ നൽകിയ ഹേബിയസ് കോർപ്പസ് ഹ‍‍‍ർജിയിലാണ് അലഹബാദ് ഹെെക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂർ, ജസ്റ്റിസ് സൗമിത്ര ദയാൽ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.

കഴിഞ്ഞ ഡിസംബറിൽ സിഎഎ വിരുദ്ധ സമരത്തിന്റെ ഭാഗമായി അലീഗഡ് സർവകലാശാലയിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന പേരിലാണ് മുംബെെയില്‍ വെച്ച് ഖാനെ അറസ്റ്റ് ചെയ്യുന്നത്. കഫീ‌ൽ ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധമാണ് ഉയർന്നത്. നിലവിൽ മധുര ജയിലാണ് കഫീൽ ഖാനുള്ളത്. നേരത്തെ കഫീൽ ഖാനെ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് അമ്മ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിഷയം അലഹബാദ് കോടതിയാണ് പരിഗണിക്കേണ്ടതെന്നായിരുന്നു  കോടതിയുടെ നിലപാട്. യുപിയിലെ ഗൊരഖ്പുര്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ ശിശുരോഗ വിദഗ്ധനായിരുന്ന ഡോ കഫീല്‍ ഖാൻ ഓക്‌സിജന്‍ ലഭ്യതയുടെ അഭാവത്തെതുടര്‍ന്ന് ആശുപത്രിയിലെ അറുപതിലേറെ കുട്ടികൾ മരിച്ച സംഭവത്തിൽ കുറ്റാരോപിതനായിരുന്നു. ഈ കേസിൽ മാസങ്ങളോളം ഇദ്ദേഹത്തെ ജയിലിൽ അടിച്ചിരുന്നു.

click me!