
ദില്ലി:ദില്ലി ചെങ്കോട്ട സ്ഫോടനക്കേസിലെ മുഖ്യപ്രതികളിൽ ഒരാളായ ഡോ. ഷഹീന സയീദിന്റെ വിചിത്ര പെരുമാറ്റത്തെ കുറിച്ച് തുറന്നുപറഞ്ഞ് സഹപ്രവര്‍ത്തകര്‍. ഫരീദാബാദിലെ അൽ-ഫലാഹ് സ്കൂൾ ഓഫ് മെഡിക്കൽ സയൻസസിലെ തൻ്റെ പകൽ ജോലി സമയം അവസാനിച്ച ശേഷം വൈകുന്നേരം 4 മണിക്ക് ശേഷമാണ് യഥാർത്ഥ ജോലി തുടങ്ങുക എന്ന് സഹപ്രവർത്തകരോട് പറയാറുണ്ടായിരുന്നതായി എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു. ഇവർ എന്നും ഒരു ജപമാലയും ഒരു ഹദീസ് ഗ്രന്ഥവും കൈവശം വെച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
സ്ഥാപനത്തിലെ നിയമങ്ങൾ പാലിക്കാതെ പലപ്പോഴും ആരെയും അറിയിക്കാതെ ഷഹീന സയീദ് പോകുമായിരുന്നുവെന്നും, അവരുടെ പെരുമാറ്റം വിചിത്രമായിരുന്നുവെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു സഹപ്രവർത്തകൻ പറഞ്ഞു. കാൻപൂർ മെഡിക്കൽ കോളേജിലെ ഫാർമക്കോളജി വിഭാഗം മേധാവിയായി ഷഹീന മുമ്പ് പ്രവർത്തിച്ചിരുന്നു എന്നും, പിന്നീട് കനൗജ് മെഡിക്കൽ കോളേജിലേക്ക് സ്ഥലം മാറിയെന്നും ഇൻ്റലിജൻസ് സൂചിപ്പിച്ചു. അതേസമയം, തങ്ങളുടെ സ്ഥാപനത്തിന് റെഡ് ഫോർട്ട് ആക്രമണവുമായി ബന്ധമില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അൽ-ഫലാഹ് സ്കൂൾ ഓഫ് മെഡിക്കൽ സയൻസസ് അറിയിച്ചു.
പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ വനിതാ വിഭാഗം തലവനായാണ് ഷഹീന സയീദിനെ ഈ ആഴ്ച ആദ്യം തിരിച്ചറിഞ്ഞത്. 2001-ലെ പാർലമെൻ്റ് ആക്രമണത്തിനും 2019-ലെ പുൽവാമ ആക്രമണത്തിനും പിന്നിൽ പ്രവർത്തിച്ച ജെയ്‌ഷെ മുഹമ്മദാണ് ഈ പ്രത്യേക ഭീകര ശൃംഖലക്ക് പിന്നിലെന്നാണ് ഇൻ്റലിജൻസ് നിഗമനം. ലഖ്‌നൗ സ്വദേശിനിയായ ഷഹീനയെ, ചെങ്കോട്ട സ്ഫോടനത്തിന് മണിക്കൂറുകൾക്ക് മുമ്പ് തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്തത്.
സ്ഫോടനത്തിന് പിന്നാലെ പരിഭ്രാന്തനായ ഭീകരസംഘത്തിലെ നാലാമത്തെ അംഗമായ ഉമർ മുഹമ്മദ് ഐ20 കാർ ഓടിക്കുകയും അത് ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിക്കുകയും ആയിരുന്നു. ഡോ. മുജമ്മിൽ ഷക്കീൽ, ഡോ. ആദിൽ അഹമ്മദ് റാഥർ എന്നിവരെയാണ് ഷഹീന സയീദിന് മുമ്പ് അറസ്റ്റ് ചെയ്തത്. ഇവരെല്ലാം വിദ്യാസമ്പന്നരായ പ്രൊഫഷണലുകൾ ആണെന്നത് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഭീകരർക്ക് ഡൽഹി-എൻ.സി.ആർ. പ്രദേശങ്ങളിലും രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലും സ്ഫോടന പരമ്പരകൾക്ക് പദ്ധതിയുണ്ടായിരുന്നുവെന്ന് അന്വേഷണ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഈ പദ്ധതിയുടെ ഭാഗമായി 32 കാറുകൾ വാങ്ങാൻതീരുമാനിച്ചിരുന്നുവെങ്കിലും, ഇവയെല്ലാം ബോംബുകൾ സ്ഥാപിക്കാൻ ഉദ്ദേശിച്ചുള്ളവയായിരുന്നോ എന്ന് വ്യക്തമല്ല.
ഡോ. ഷഹീന സയീദ് ബ്രെസ സ്വയം ഓടിച്ചിരുന്നുവെന്നും, ഡോ. ഷക്കീൽ പ്രധാനമായും ഡിസയർ ഉപയോഗിച്ചിരുന്നുവെന്നുമാണ് വിവരം. ഷക്കീലിൻ്റെ വീട്ടിൽ നിന്നാണ് ഏകദേശം 3,000 കിലോഗ്രാം സ്ഫോടകവസ്തുക്കൾ കണ്ടെടുത്തത്. ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ഫോർഡ് ഇക്കോസ്‌പോർട്ടിൽ സ്ഫോടക വസ്തുക്കളുടെ നേരിയ അംശങ്ങൾ ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. ഐ20 ബോംബിൽ ഉപയോഗിച്ച അമോണിയം നൈട്രേറ്റ് ഫ്യുവൽ ഓയിൽ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ഈ കാറിൽ കടത്തിയിരിക്കാമെന്നാണ് നിഗമനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam