ഒളിവിൽ കഴിഞ്ഞത് 48 വർഷം, 75ാം വയസിൽ ലൈസൻസ് പുതുക്കിയത് പിടിവള്ളിയായി, 77കാരൻ പിടിയിൽ

Published : Oct 15, 2025, 01:04 PM IST
48 year absconding arrest

Synopsis

1977ൽ 15 ദിവസം ജയിലിൽ കിടന്ന ഇയാൾ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ലൈസൻസ് പുതുക്കിയത് പൊലീസിന് പിടിവള്ളിയായി

കൊളാബ: കൊലപാതക ശ്രമക്കേസിൽ ഒളിവിൽ പോയത് 48 വർഷം മുൻപ്. 77ാം വയസിൽ ലൈസൻസ് പുതുക്കാനുള്ള ശ്രമത്തിൽ ദീർഘകാലത്തെ ഒളിവ് ജീവിതം അവസാനിപ്പിച്ച് പൊലീസ്. 1977ൽ മുബൈയിലെ കൊളാബയിൽ രജിസ്റ്റർ ചെയ്ത കൊലപാതക ശ്രമക്കേസിലെ പ്രതിയെയാണ് 48 വർഷങ്ങൾക്ക് ശേഷം പിടികൂടിയത്. ചന്ദ്രശേഖർ മധുകർ കലേകർ എന്ന 77കാരനെയാണ് കൊളാബ പൊലീസ് പതിറ്റാണ്ടുകൾക്കിപ്പുറം പിടികൂടിയത്. 1977ൽ വറോളിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ഉയർന്ന ജോലിക്കാരനായിരുന്ന ചന്ദ്രശേഖർ മധുകർ കലേകർ സുഹൃത്തുക്കൾക്കൊപ്പമുള്ള പാർട്ടിക്കിടെ പരിചയപ്പെട്ട യുവതിയോട് അടുപ്പത്തിലായി. എന്നാൽ യുവതിക്ക് വേറെ ആളുകളുമായി അടുപ്പമുണ്ടെന്ന സംശയത്തേതുടർന്ന് 29ാം വയസിൽ ചന്ദ്രശേഖർ മധുകർ കലേകർ ആക്രമിക്കുകയായിരുന്നു. മദ്യലഹരിയിൽ യുവതിയുടെ കഴുത്തിലും പുറത്തും കയ്യിലുമായാണ് ഇയാൾ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തിയത്. യുവതി ആക്രമണം അതിജീവിച്ചെങ്കിലും ചന്ദ്രശേഖർ മധുകർ കലേകർ അറസ്റ്റിലായി.

തെരഞ്ഞെത്തിയ പൊലീസിനെ വഴി തെറ്റിച്ച് 77കാരൻ ലൈസൻസ് പുതുക്കലിലൂടെ കുടുങ്ങി

15 ദിവസം ജയിലിൽ കിടന്ന ഇയാൾ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഇക്കാലയളവിൽ ലാൽബാഗ്, സാന്റാക്രൂസ്, മാഹിം, ഗോരേഗാവ്, ബദ്ലാപൂർ അടക്കമുള്ള സ്ഥലങ്ങളിലായി ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നു. അതിനിടെ ലാൽബാഗിലെ ഹാജി കസം ചോളിലെ ഇയാളുടെ വീട് പൊളിച്ച് കളയുകയും ചെയ്തതോടെ ഇയാളെ കണ്ടെത്താനുള്ള സാധ്യത വളരെ മങ്ങുകയായിരുന്നു. ഇയാളെ ജാമ്യത്തിലിറക്കിയ ആൾക്ക് കോടതി 10000 രൂപ പിഴയിട്ടിരുന്നു. ഈ പണം ജാമ്യക്കാരന് ചന്ദ്രശേഖർ മധുകർ കലേകർ തന്നെ നൽകിയെന്നാണ് പൊലീസ് വിശദമാക്കുന്നത്. പിന്നീട് ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ അപൂർണമായ നിലയിൽ നിൽക്കുകയായിരുന്നു. ആറ് മാസം മുൻപ് ദീർഘകാലമായി ഒളിവിൽ കഴിയുന്നവരെ കണ്ടെത്താനുള്ള ശ്രമം മുംബൈ പൊലീസ് ആരംഭിക്കുന്നത്. വോട്ടർ പട്ടിക അടക്കമുള്ളവ പരിശോധിച്ച് ചന്ദ്രശേഖർ മധുകർ കലേകറിനെ കണ്ടെത്താൻ പൊലീസ് ശ്രമം നടത്തി.

രത്നഗിരിയിലെ ദാപോളിയിൽ ഇയാളുമായി സമാനതയുള്ള ഒരാളെ പൊലീസ് കണ്ടെത്തി. എന്നാൽ അന്വേഷിച്ചെത്തിയ പൊലീസുകാരെ പേരുമാറ്റി പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് വിടാൻ ചന്ദ്രശേഖർ മധുകർ കലേകറിന് സാധിച്ചിരുന്നു. ഇതിന് പിന്നാലെ ആർടിഒ രേകഖൾ പരിശോധിച്ചപ്പോഴാണ് ഇയാൾ 2023ൽ പുതുക്കിയത് പൊലീസ് കണ്ടെത്തുന്നത്. ഇതിനായി നൽകിയ ഫോട്ടോയ്ക്ക് രത്നഗിരിയിൽ കണ്ട ആളുമായി സാമ്യം വന്നതോടെ പൊലീസ് ചന്ദ്രശേഖർ മധുകർ കലേകറിന്റെ മുൻ സഹപ്രവ‍ർത്തകരേയും സുഹൃത്തുക്കളേയും കാണിച്ച് തിരിച്ചറിയൽ നടപടി പൂർത്തിയാക്കിയ പൊലീസ് രത്നഗിരിയിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഐഎംഇഐ നമ്പർ ഉപയോഗിച്ചാണ് പൊലീസ് ഇയാളെ ദാപോളിയിലെ കാരാൻജാനിയിൽ നിന്ന് പിടികൂടുന്നത്. തിങ്കളാഴ്ച അറസ്റ്റ് ചെയ്ത ഇയാളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. എന്നാൽ കേസിലെ പരാതിക്കാരിയേക്കുറിച്ച് വിവരങ്ങളില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം