
ദില്ലി: ഓടിക്കൊണ്ടിരുന്ന ട്രെയിനിൻ്റെ മുൻവശത്തെ ഗ്ലാസ് ചില്ലിൽ ഇടിച്ച് പരന്ത് അകത്തേക്ക് വീണതിനെ തുടർന്ന് പൈലറ്റിന് പരുക്കേറ്റു. ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലാണ് സംഭവം. ബാരാമുള്ള - ബനിഹാൽ ട്രെയിനിൻ്റെ എഞ്ചിൻ്റെ മുൻവശത്തെ ഗ്ലാസ് ചില്ല് തകർത്താണ് പരുന്ത് അകത്തേക്ക് വീണത്. ബിജ്ബെഹാര റെയിൽവെ സ്റ്റേഷനും അനന്ത്‌നാഗ് റെയിൽവെ സ്റ്റേഷനും ഇടയിൽ ട്രെയിൻ ഓടിക്കൊണ്ടിരിക്കെയാണ് അപകടം നടന്നത്.
ലോക്ക്പൈലറ്റിൻ്റെ മുഖത്താണ് പരിക്കേറ്റത്. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ലോക്കോമോട്ടീവ് എഞ്ചിൻ്റെ ക്യാബിനകത്ത് തറയിൽ പരുന്ത് കിടക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. വിൻഡ്‌സ്ക്രീൻ തകർന്ന നിലയിലാണ്. ലോക്കോപൈലറ്റിൻ്റെ പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റ ശേഷവും ഇദ്ദേഹം ഡ്യൂട്ടി തുടരുന്നതും വീഡിയോയിൽ വ്യക്തമാണ്. ഇതിന് പിന്നാലെ അനന്ത്‌നാഗ് റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ നിർത്തി. പരിക്കേറ്റ ലോക്കോപൈലറ്റിന് ഇവിടെ വച്ച് പ്രാഥമിക ചികിത്സ നൽകി.