
ഗുരുഗ്രാം: തെറ്റായ ദിശയിൽ അമിതവേഗതയിലെത്തി ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച ആഡംബര കാർ ഓടിച്ചയാൾക്ക് ലൈസൻസില്ല. 22കാരന്റെ ദാരുണ മരണത്തിന് ഒരു ആഴ്ച പിന്നിട്ട ശേഷമാണ് ലൈസൻസ് പോലുമില്ലാതെയാണ് അപകടമുണ്ടാക്കിയ യുവാവ് വാഹനമോടിച്ചത് ലൈസൻസ് ഇല്ലാതെയാണെന്ന് വ്യക്തമാവുന്നത്. സംഭവത്തിൽ നേരത്തെ അറസ്റ്റിലായ കുൽദീപ് കുമാർ താക്കൂറിനെതിരെ മോട്ടോർ വാഹന വകുപ്പ് നിയമങ്ങൾ അനുസരിച്ചും കേസ് എടുത്തിട്ടുണ്ട്.
ബിഹാറിലെ മധുബനി സ്വദേശിയായ 25കാരനായ കുൽദീപ് കുമാർ ഒരു രാഷ്ട്രീയ പാർട്ടിയുടെ മീഡിയാ മാർക്കറ്റിംഗ് സ്ഥാപനമാണ് നടത്തുന്നത്. ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നത് 500 രൂപ പിഴയും 3 മാസം തടവും ലഭിക്കാൻ ഇടയുള്ള കുറ്റമാണ്.
ഗുരുഗ്രാമിലെ ഡിഎൽഎഫ് ഫേസ് 2വിലെ റേസ് കോഴ്സിന് സമീപം സെപ്തംബർ 15നുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അമിത വേഗതയിൽ എത്തിയ മഹീന്ദ്ര 3 എക്സ് ഒ വാഹനം യുവാവിനെ ഇടിച്ച് തെറിപ്പിക്കുന്ന ദൃശ്യങ്ങൾ മറ്റൊരു വാഹനത്തിലെ ക്യാമറയിൽ പതിഞ്ഞിരുന്നു. അപകടത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തിന്റെ ഗോ പ്രോ ക്യാമറയിലാണ് അപകട ദൃശ്യങ്ങൾ പതിഞ്ഞത്. അക്ഷത് ഗാർഗ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
അപകടം നടന്ന ഉടനേ തന്നെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല. സംഭവത്തിൽ കുൽദീപ് താക്കൂറിനെതിരെ മനപൂർവ്വമുള്ള നരഹത്യ, അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. കാർ ഇടിച്ച ബൈക്ക് തെറിച്ച് പോകുന്നതും യുവാവ് റോഡരികിലെ ചെടികളിലേക്ക് വീഴുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം