
ദില്ലി: ജമ്മുവിൽ വീണ്ടും ഡ്രോൺ. സാംബ സെക്ടറിലാണ് ഡ്രോൺ കണ്ടതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ പാക് ഡ്രോണുകളെ തകർക്കുന്ന ദൃശ്യവും വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടു. സാംബ ജില്ലയിൽ ഇന്ന് ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബിലെ ഹോഷിയാർപൂർ, അമൃത്‌സർ എന്നിവിടങ്ങളിൽ ഡ്രോൺ സാന്നിധ്യമുണ്ടെന്നും സ്‌ഫോടന ശബ്ദം കേട്ടുവെന്നുമുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഈ മേഖലകളിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് ഇരു രാജ്യങ്ങളിലെയും ഡിജിഎംഒമാർ നടത്തിയ ചർച്ചയിൽ വെടിനിർത്തൽ കർശനമായി തുടരാൻ തീരുമാനിച്ചിരുന്നു. ഇതിന് ശേഷവും പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് പ്രകോപനം തുടരുന്നുവെന്ന സൂചനയാണ് ഇത് നൽകുന്നത്. ജമ്മുവിൽ നിന്ന് 40 കിലോമീറ്റർ അകലെ അതിർത്തി മേഖലയാണ് സാംബ. ഇവിടെയാണ് ഇന്ന് രാത്രിയോടെ ഡ്രോണുകൾ തകർത്തത്. സൈന്യം ഇത് സ്ഥിരീകരിച്ചിട്ടില്ല. ഡ്രോണുകൾ നിയന്ത്രണ രേഖ കടന്നോയെന്നും വ്യക്തമല്ല. എന്നാൽ പ്രതിരോധ സേനകൾ ജാഗ്രതയോടെയാണ് നിൽക്കുന്നത്.
പാകിസ്ഥാന് മോദിയുടെ മുന്നറിയിപ്പ്
പാകിസ്ഥാനോട് കടുത്ത ഭാഷയിലാണ് ഇന്നത്തെ അഭിസംബോധനയിൽ മോദി മുന്നറിയിപ്പ് നൽകിയത്. ആണവായുധ ഭീഷണി എന്ന ബ്ലാക്ക് മെയിലിംഗ് ഇന്ത്യയോട് ചെലവാകില്ല. അണുവായുധം കാട്ടി ഇന്ത്യയെ ഭീഷണിപ്പെടുത്താനാകില്ല. അണുവായുധത്തിന് പിന്നിൽ മറഞ്ഞിരിക്കുന്ന തീവ്രവാദ സങ്കേതങ്ങളെയും ഇന്ത്യ ഉന്നമിട്ട് തകർക്കുമെന്ന് മോദി പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയ്ക്ക് നേരെ വേണ്ടി വന്നാൽ ആണവായുധം പ്രയോഗിക്കുമെന്ന തരത്തിൽ പാക് വിദേശകാര്യമന്ത്രി ക്വാജ ആസിഫ് ഭീഷണി മുഴക്കിയ പശ്ചാത്തലത്തിൽ കൂടിയാണ് മോദിയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നത്. പാകിസ്ഥാന്‍റെ ആണവായുധ ശേഖരത്തിന് അടുത്ത് ഇന്ത്യ ബോംബിംഗ് നടത്തിയെന്ന പ്രചാരണങ്ങൾക്കിടയിലാണ് മോദിയുടെ ഈ പ്രസ്താവന എന്നതും നിർണായകം. ആണവായുധമുള്ളത് കൊണ്ട് മാത്രം പാകിസ്ഥാന് ഇന്ത്യൻ മണ്ണിൽ ഭീകരാക്രമണം നടത്തി രക്ഷപ്പെടാൻ കഴിയില്ലെന്ന നയത്തിലേക്ക് ഇന്ത്യ മാറുകയാണെന്ന് പ്രധാനമന്ത്രി മോദിയുടെ വാക്കുകൾ സൂചിപ്പിക്കുന്നു.