പുതിയ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ നാളെ, ദില്ലിയിൽ ആഘോഷങ്ങൾ തുടരുന്നു 

By Web TeamFirst Published Jul 24, 2022, 8:34 PM IST
Highlights

ദില്ലിയിലെ ദ്രൗപദി മുർമുവിൻറെ വസതിയിലേക്ക് രാജ്യത്തുടനീളമുള്ള ഗോത്രവർഗ്ഗ കലാസംഘങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്. ദില്ലിയിക്കൊപ്പം ആദിവാസി മേഖലകളിലും രണ്ടു ദിവസം നീളുന്ന ആഘോഷങ്ങളാണ് ബിജെപി സംഘടിപ്പിക്കുന്നത്. 

ദില്ലി : ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു സ്ഥാനമേല്ക്കാനിരിക്കെ ദില്ലിയിൽ ആഘോഷങ്ങൾ തുടരുകയാണ്. നാളെ രാവിലെ 10.14 ന് ചീഫ് ജസ്റ്റിസ് എൻവി രമണ സത്യവാചകം ചൊല്ലിക്കൊടുക്കും. ഗോത്രവർഗ്ഗ വിഭാഗത്തിൽ നിന്ന് ആദ്യത്തെ രാഷ്ട്രപതിയായി ചരിത്രം കുറിക്കാനായി ഒരുങ്ങുകയാണ് ദ്രൗപദി മുർമു. റായ്സിന കുന്നിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത തുടങ്ങി പല പ്രത്യേകതകൾക്കും നാളെത്തെ ദിവസം രാജ്യം സാക്ഷ്യം വഹിക്കും. ദില്ലിയിലെ ദ്രൗപദി മുർമുവിൻറെ വസതിയിലേക്ക് രാജ്യത്തുടനീളമുള്ള ഗോത്രവർഗ്ഗ കലാസംഘങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്. ദില്ലിയിക്കൊപ്പം ആദിവാസി മേഖലകളിലും രണ്ടു ദിവസം നീളുന്ന ആഘോഷങ്ങളാണ് ബിജെപി സംഘടിപ്പിക്കുന്നത്. 

ദ്രൗപദി മുർമുവിനെ അഭിനന്ദിക്കാൻ മന്ത്രിമാർ ഉൾപ്പടെയുള്ള നേതാക്കൾ വീട്ടിലെത്തി. നാളെ രാവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനൊപ്പം നിയുക്ത രാഷ്ട്രപതി പാർലമെൻറിൽ എത്തും. ചടങ്ങ് നടക്കുന്ന സാഹചര്യത്തിൽ പാ‍ർലമെൻറിൻറെ ഇരുസഭകളും നാളെ രണ്ടു മണിക്ക് മാത്രമേ ചേരുകയുള്ളു. പാർലമെൻറിന് ചുറ്റുമുള്ള 30 ഓഫീസുകൾക്ക് ഉച്ചവരെ അവധി നല്കിയിട്ടുണ്ട്. തിരികെ രാഷ്ട്രപതി ഭവൻ വരെ എത്തിയ ശേഷമായിരിക്കും രാംനാഥ് കോവിന്ദ് പുതിയ ഔദ്യോഗിക വസതിയിലേക്ക് മാറുക. സോണിയ ഗാന്ധിയുടെ വീട്ടിന് തൊട്ടടുത്തുള്ള നേരത്തെ രാംവിലാസ് പസ്വാൻ താമസിച്ചിരുന്ന 9 ജൻപഥിലേക്കായിരിക്കും രാംനാഥ് കോവിന്ദ് മാറുക.  

തീരുമാനങ്ങളെടുക്കാൻ സംശയം തോന്നിയപ്പോഴെല്ലാം നയിച്ചത് ഗാന്ധിയൻ തത്വങ്ങൾ : രാം നാഥ് കോവിന്ദ് 

നിശ്ചയദാർഢ്യമുള്ള ജനതയിൽ രാജ്യത്തിൻറെ ഭാവി സുരക്ഷിതമെന്ന് വിടവാങ്ങൽ പ്രസം​ഗത്തിൽ രാംനാഥ് കോവിന്ദ്.  അഞ്ചു കൊല്ലം മുമ്പ് രാഷ്ട്രപതി എന്ന നിലയ്ക്ക് ജനങ്ങൾ പ്രകടിപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിൻറെ ആകെ സഹകരണം ലഭിച്ചു.  ജനങ്ങൾ തന്നിലർപ്പിച്ച വിശ്വാസം കാത്തു. സ്വതന്ത്ര്യം സമത്വം സാഹോദര്യം എന്നിവ നിലനിറുത്തി മുന്നോട്ടു പോകേണ്ടത് ജനാധിപത്യത്തിൽ അനിവാര്യമാണ്. രാഷ്ട്രപതി എന്ന നിലയിൽ തീരുമാനങ്ങളെടുക്കാൻ സംശയം തോന്നിയപ്പോഴൊക്കെ തന്നെ നയിച്ചത് ഗാന്ധിയൻ തത്വങ്ങളെന്നും രാം നാഥ് കോവിന്ദ് വിശദീകരിച്ചു. ഗാന്ധിയൻ തത്വങ്ങൾ ഓർക്കാൻ ഏവരും സമയം കണ്ടെത്തണമെന്നും കാലാവധി പൂർത്തിയാക്കിയ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് രാഷ്ട്രപതി പറഞ്ഞു.

click me!