
ഡെറാഡൂൺ: അമിത വേഗത്തിലെത്തിയ കാർ, ട്രക്കുമായി കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. 19നും 24നും ഇടയിൽ പ്രായമുള്ള മൂന്ന് യുവാക്കളും മൂന്ന് യുവതികളുമാണ് മരിച്ചത്. കാറോടിച്ചിരുന്ന 25കാരനായ യുവാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഡെറാണൂറിലെ ഒഎൻജിസി ചൗക്കിൽ തിങ്കളാഴ്ച പുലർച്ചെ 1.30ന് ആയിരുന്നു അപകടമെന്നാണ് റിപ്പോർട്ടുകൾ. ക്യാമറ ദൃശ്യങ്ങളും ദൃക്സാക്ഷികളുടെ മൊഴികളും പരിശോധിക്കുമ്പോൾ കാർ 100 കിലോമീറ്ററിലധികം വേഗതയിലായിരുന്നു എന്നാണ് സൂചന. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മേൽക്കൂര വേർപ്പെട്ടു. രണ്ട് യാത്രക്കാരുടെ തല ശരീരത്തിൽ നിന്ന് വേർപ്പെട്ടു. വാഹനം അപ്പാടെ തകർന്നിട്ടുണ്ട്.
രാത്രി ഒരു പാർട്ടി കഴിഞ്ഞ് മടങ്ങി വരികയായിരുന്ന യുവാക്കളും യുവതികളുമാണ് കാറിലുണ്ടായിരുന്നത്. അപകടമുണ്ടായ ഉടനെ ട്രക്ക് ഡ്രൈവർ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. എന്നാൽ ഇയാളുടെ ഭാഗത്ത് പിഴവില്ലെന്നാണ് നിഗമനം. കാറിന് നമ്പർ പ്ലേറ്റുകളും ഉണ്ടായിരുന്നില്ല. യാത്രയ്ക്കിടെ ഒരു ആഡംബര കാർ ഇവരുടെ വാഹനത്തെ അതിവേഗത്തിൽ ഓവർടേക്ക് ചെയ്തു. ഇത് കണ്ട് ആ കാറിനെ പിന്നിലാക്കാൻ ഇവർ വീണ്ടും വേഗത വർദ്ധിപ്പിച്ചു.
ഇതിനിടെ ഒരു ജംഗ്ഷനിൽ വെച്ച് ട്രക്ക് റോഡ് മുറിച്ചുകടക്കുകയായിരുന്നു. സാധാരണ വേഗതയിൽ തന്നെയാണ് ട്രക്ക് ഓടിയിരുന്നതെങ്കിലും ട്രക്ക് റോഡിലേക്ക് എത്തുന്നതിന് മുമ്പ് അപ്പുറം കടക്കാനായിരുന്നു കാറോടിച്ചിരുന്നയാളുടെ ശ്രമം. ഇത് പരാജയപ്പെട്ട് കാർ ട്രക്കിന്റെ ഇടതുവശത്തേക്ക് ഇടിച്ചുകയറി. മരണപ്പെട്ട എല്ലാവരും ഡെറാഡൂണിലെ വ്യാപാര കുടുംബങ്ങളിൽ നിന്നുള്ളവരാണ്. രണ്ട് പേർ ഒരു സ്വകാര്യ സർവകലാശാലയിലെ വിദ്യാർത്ഥികളുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam