
ചെന്നൈ: മദ്യലഹരിയില്‍ ട്രാന്‍സ്‌ഫോര്‍മറിന്റെ മുകളില്‍ കയറി ഹൈടെന്‍ഷന്‍ വയറില്‍ കടിച്ച യുവാവ് ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍. തമിഴ്‌നാട് തിരുവള്ളൂര്‍ ജില്ലയിലെ ചിന്നമങ്കോട് സ്വദേശിയായ ധര്‍മ്മദുരൈ എന്ന 33കാരനാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്.
കുടുംബ വഴക്കിന് പിന്നാലെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയതിന്റെ പിന്നാലെ ധര്‍മ്മദുരൈ അസ്വസ്ഥനായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഭാര്യ തിരികെ വരാത്തതിനെ തുടര്‍ന്ന് ധര്‍മ്മദുരൈ ഭാര്യാസഹോദരന്മാര്‍ക്കെതിരെ പരാതി നല്‍കാന്‍ നിരവധി തവണ ആറമ്പാക്കം പൊലീസിനെ സമീപിച്ചിരുന്നു. ബുധനാഴ്ചയും പൊലീസ് സ്റ്റേഷനിലെത്തി. എന്നാല്‍ കാത്തിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഇതിനിടെ മദ്യലഹരിയിലായിരുന്ന ധര്‍മ്മദുരൈ സ്റ്റേഷനില്‍ നിന്നിറങ്ങി സമീപത്തെ ട്രാന്‍സ്ഫോര്‍മറില്‍ കയറുകയായിരുന്നു.
താഴെയിറങ്ങാന്‍ പൊലീസുകാരും നാട്ടുകാരും അഭ്യര്‍ത്ഥിച്ചെങ്കിലും ധര്‍മ്മദുരൈ തയ്യാറായില്ല. അല്‍പസമയത്തിന് ശേഷം ഹൈടെന്‍ഷന്‍ വയര്‍ കടിക്കുകയായിരുന്നു. പിന്നാലെ ഗുരുതര പൊള്ളലേറ്റ് താഴേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് പൊലീസുകാര്‍ ഇയാളെ ആദ്യം എളവൂര്‍ ആശുപത്രിയിലും പിന്നാലെ കില്‍പ്പോക്ക് സര്‍ക്കാര്‍ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ധര്‍മ്മദുരൈയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.