
ഹരിയാന: കാനഡയിൽ നിന്ന് കാമുകനായി ഇന്ത്യയിലെത്തിയ യുവതിയെ കൊന്ന് മൃതദേഹം കുഴിച്ചുമൂടി. ഹരിയാനയിലാണ് ഞെട്ടിക്കുന്ന സംഭവം. ചൊവ്വാഴ്ച ഹരിയാനയിലെ ഒരു വയൽ പ്രദേശത്താണ് 23-കാരിയായ നീലം എന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. രക്ഷിതാക്കൾ പറയുന്നത് പ്രകാരം ഒമ്പത് മാസം മുമ്പാണ് കാനഡയിൽ നിന്ന് ഇന്ത്യയിലെത്തിയ യുവതിയെ കാണാതാകുന്നത്. കാമുകനായ സുനിൽ കഴിഞ്ഞ വര്‍ഷം ജൂണിൽ യുവതിയെ വെടിവച്ചുകൊന്ന് മറവ് ചെയ്യുകയായിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ചൊവ്വാഴ്ച ഭിവാനിയിൽ നിന്ന് നീലത്തിന്റെ മൃതദേഹ അവശിഷ്ടങ്ങൾ പോലീസ് കണ്ടെത്തി. നീലത്തെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകായിരുന്നു എന്നാണ് സുനിൽ പൊലീസിനോട് സമ്മതിച്ചിരിക്കുന്നത്. അവളുടെ തലയിൽ രണ്ടുതവണ വെടിയുതിർത്ത് കൊലപ്പെടുത്തി, കുറ്റം മറച്ചുവെക്കാൻ തന്റെ വയൽ ഭൂമിയിൽ മൃതദേഹം കുഴിച്ചിടുകയും ചെയ്തുവെന്ന് സൂനിൽ മൊഴി നൽകി.
കഴിഞ്ഞ ജൂണിൽ യുവതിയെ കാണാനില്ലെന്ന് കാണിച്ച സഹോദരി രോഷ്നി പൊലീസിൽ പരാതി നൽകിയിരുന്നു. ഐഇഎൽടിഎസ് പാസായ ശേഷം ജോലിക്കായി കാനഡയിലേക്ക് മാറിയതായിരുന്നു നീലം. കഴിഞ്ഞ വര്‍ഷം ജനുവരിയിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ ഇന്ത്യയിലക്ക് സുനിൽ എത്തിച്ചു. തിരിച്ചെത്തിയ അവളെ കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചില്ല. സുനിലിനെ കാണാതാവുകയും ചെയ്തു. അന്ന് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തെങ്കിലും നടപടിയുണ്ടായില്ല.
തുടര്‍ന്ന് കുടുംബം ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജയിയെ കണ്ട് പരാതി നൽകുകയായിരുന്നു. പിന്നാലെ ഭിവാനിയിലെ ക്രൈം ഇൻവസ്റ്റിഗേഷൻ ഏജൻസിക്ക് കേസ് കൈമാറി. സുനിൽ അറസ്റ്റിലാവുകയും ചെയ്തു. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സുനിലാണ് മൃതദേഹം സംബന്ധിച്ച വിവരങ്ങൾ നൽകിയത്. പറമ്പിൽ പത്ത് അടി താഴ്ചയുള്ള കുഴിയെടുത്ത് യുവതിയുടെ മൃതദേഹം സംസ്കരിച്ചുവെന്ന് പൊലീസിനോട് സുനിൽ കുറ്റസമ്മതം നടത്തുകയായിരുന്നു. കൊലപാതകം, അനധികൃത തോക്ക് കൈവശം വയ്ക്കൽ തുടങ്ങി 12 വകുപ്പുകൾ ചുമത്തിയാണ് സുനിലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam