‍2014-ന് മുന്‍പും ഇന്ത്യ മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്ന് മുന്‍ ലഫ്: ജനറല്‍

By Web TeamFirst Published May 4, 2019, 7:03 PM IST
Highlights

 2016-ലെ മിന്നലാക്രമണത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനാണ് ഡിഎസ് ഹൂഡ.

ദില്ലി: ഇന്ത്യ മുന്‍പ് ആറ് മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്ന കോൺഗ്രസ് വാദത്തിൽ കരസേനയിലെ മുതിർന്ന മുൻ ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നാഭിപ്രായം. മോദി ഭരണകാലത്തിന് മുന്‍പും ഇന്ത്യ മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്ന് ലഫ്റ്റനന്റ് ജനറൽ ഡിഎസ് ഹൂഡ പറഞ്ഞു. 2016ലെ മിന്നലാക്രമണത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനാണ് ഡിഎസ് ഹൂഡ.

മോദി ഭരണകാലത്തിന് മുന്‍പ് ഇന്ത്യ ആറ് തവണ മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അവകാശപ്പെട്ടതോടെയാണ് രാഷ്ട്രീയപ്പോര് തുടങ്ങിയത്. കോൺഗ്രസ് വാദം തള്ളി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് രണ്ട് മുൻ കരസേന മേധാവികൾ തന്നെ വിവാദത്തിൽ പങ്കുചേർന്നത്.

കോൺഗ്രസ് കള്ളം പറയുകയാണെന്നും തന്റെ കാലഘട്ടത്തിൽ എപ്പോഴാണ് സൈന്യം മിന്നലാക്രമണം നടത്തിയതെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും മുൻ കരസേന മേധാവിയും ഗാസിയാബാദിലെ ബിജെപി സ്ഥാനാർത്ഥിയുമായ വികെ സിംഗ് പ്രതികരിച്ചു. മിന്നലാക്രമണം നടത്താൻ രാഷ്ട്രീയ നേതൃത്വം ആവശ്യപ്പെട്ട കാലം തന്റെ ഓർമ്മയിലില്ലെന്ന് കരസേന മുൻ മേധാവി ജനറൽ വി.പി.മാലിക്കും വ്യക്തമാക്കി. ഈ വാദങ്ങൾ തള്ളിയാണ് 2016ൽ മിന്നലാക്രമണത്തിന് നേതൃത്വം നൽകിയ ലഫ്റ്റനന്റ് ജനറൽ ഡിഎസ് ഹൂഡ രംഗത്തെത്തിയിരിക്കുന്നത്..

ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനായി രാജ്യസുരക്ഷ സംബന്ധിച്ച ദർശന രേഖ തയ്യാറാക്കിയത് ഡിഎസ് ഹൂഡയായിരുന്നു. മിന്നലാക്രമണം സംബന്ധിച്ച വാക്പോരിലേക്ക് കരസേന മുൻ ഉദ്യോഗസ്ഥർ കൂടി പങ്കാളിയായതോടെ വരുംദിവസങ്ങളിലെ ദേശസുരക്ഷ അടിസ്ഥാനമാക്കിയുള്ള പ്രചാരണം പുതിയ തലങ്ങളിലേക്കെത്തുമെന്ന് ഉറപ്പായി.

click me!