ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം അറസ്റ്റിലായ ഡിഎസ്പി ദേവീന്ദര്‍ സിംഗിന്‍റെ പൊലീസ് മെഡൽ പിൻവലിച്ചു

By Web TeamFirst Published Jan 16, 2020, 7:59 AM IST
Highlights

സർവ്വീസിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യമുന്നയിച്ച് ജമ്മു കശ്മീർ പൊലീസ് വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയതിന് പിന്നാലെയാണ് പൊലീസ് മെഡൽ പിൻവലിച്ചിരിക്കുന്നത്.

ദില്ലി: ജമ്മു കശ്മീരിൽ ഹിസ്ബുള്‍ ഭീകരർക്കൊപ്പം അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ ദേവീന്ദർ സിംഗിന് സമ്മാനിച്ച പൊലീസ് മെഡൽ പിൻവലിച്ചു. ഷേർ ഇ കശ്മീർ മെഡൽ പിൻവലിച്ച് കൊണ്ട് കശ്മീർ ലെഫ്‍ന്‍റ് ഗവർണർ ഉത്തരവ് പുറത്തിറക്കി. സർവ്വീസിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യമുന്നയിച്ച് ജമ്മു കശ്മീർ പൊലീസ് വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയതിന് പിന്നാലെയാണ് പൊലീസ് മെഡൽ പിൻവലിച്ചിരിക്കുന്നത്. ഡിഎസ്പി റാങ്കിലുള്ള ദേവീന്ദർ സിംഗിന്റെ സ്ഥാനക്കയറ്റത്തിനായുള്ള നടപടികൾ മരവിപ്പിച്ചതായി പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ശനിയാഴ്ച ഹിസ്ബുൽ ഭീകരർക്കൊപ്പം ദില്ലിയിലേക്കുള്ള കാർ യാത്രക്കിടെയാണ് ദേവീന്ദർ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഡിഎസ്പിക്കൊപ്പം സഞ്ചരിച്ച തീവ്രവാദികൾ റിപ്പബ്ലിക് ദിനത്തിൽ ദില്ലിയിൽ ആക്രമണം ആസൂത്രണം ചെയ്തിരുന്നതായി ഇന്റലിജൻസ് വൃത്തങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തീവ്രവാദികളെ ദില്ലിയിൽ എത്തിക്കുന്നതിന് 12 ലക്ഷം രൂപ കൈപ്പറ്റിയതായി ചോദ്യം ചെയ്യലിൽ ദേവീന്ദർ സിംഗ് സമ്മതിച്ചതായും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ബാനിഹാള്‍ തുരങ്കം കടക്കുന്നതിനാണ് ദേവീന്ദർ സിം​ഗ് ഭീകരരിൽ നിന്ന് പണം വാങ്ങിച്ചത്.

ആരാണ് ദേവീന്ദർ സിങ് ? 

കശ്മീർ താഴ്വരയിലെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിൽ ദീർഘകാലം സേവനമനുഷ്ഠിച്ച പശ്ചാത്തലമുള്ള പൊലീസുകാരനാണ് ദേവീന്ദർ സിങ്. കൊടിയ പീഡനങ്ങളുടെയും, നിർദ്ദയമുള്ള കൊലപാതകങ്ങളുടെയും, ബലാത്സംഗങ്ങളുടെയും പേരിൽ മനുഷ്യാവകാശ സംഘടനകൾ എന്നും സംശയത്തിന്റെ നിഴലിൽ നിർത്തിയിട്ടുള്ള പൊലീസിന്റെ നുഴഞ്ഞുകയറ്റ വിരുദ്ധ വിഭാഗമാണ് സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്. 

click me!