തേജസ് അപകടത്തിനുശേഷവും എയര്‍ഷോ തുടര്‍ന്ന സംഭവം; വിശദീകരണവുമായി ദുബായ് എയര്‍ഷോ സംഘാടകര്‍

Published : Nov 24, 2025, 07:23 PM ISTUpdated : Nov 24, 2025, 07:39 PM IST
Tejas aircraft crash

Synopsis

ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് അപകടത്തിൽ തകര്‍ന്ന സംഭവത്തിനുശേഷവും ദുബായ് എയര്‍ഷോ തുടര്‍ന്നതിൽ വിശദീകരണവുമായി സംഘാടകര്‍. അപകടത്തിൽ വീരമൃത്യു വരിച്ച വിങ് കമാന്‍ഡര്‍ നമൻഷ് സ്യാലിന് ആദരവ് നൽകുന്നതിനുവേണ്ടിയാണ് എയര്‍ഷോ പുനരാരംഭിച്ചതെന്ന് അധികൃതര്‍

അബുദബി: ദുബായ് എയര്‍ഷോക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് അപകടത്തിൽ തകര്‍ന്ന സംഭവത്തിനുശേഷവും എയര്‍ഷോ തുടര്‍ന്നതിൽ വിശദീകരണവുമായി സംഘാടകര്‍. ദുബായ് എയര്‍ഷോ സംഘാടകരാണ് ഇതുസംബന്ധിച്ച് വിശദീകരണം നൽകിയത്. തേജസ് അപകടത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ വ്യോമസേന വിങ് കമാന്‍ഡര്‍ നമൻഷ് സ്യാലിന് ആദരവ് നൽകുന്നതിനുവേണ്ടിയാണ് എയര്‍ഷോ പുനരാരംഭിച്ചതെന്ന് അധികൃതര്‍ വിശദീകരിച്ചു. വിങ് കമാന്‍ഡറുടെ വീരമൃത്യുവിനുശേഷം നടന്ന വ്യോമ അഭ്യാസം പ്രകടനങ്ങളെല്ലാം അദ്ദേഹത്തിന്‍റെ കഴിവിനും സേവനത്തിനും ആദരം അർപ്പിക്കുന്നതായിരുന്നു. എയർഷോയിൽ പങ്കെടുക്കുന്ന അംഗങ്ങളുമായി സംസാരിച്ചാണ് അത്തരമൊരു തീരുമാനം എടുത്തതെന്നും ദുബായ് എയര്‍ഷോ സംഘാടകര്‍ വിശദീകരിച്ചു. മറ്റുള്ളവരുമായി ചർച്ച ചെയ്തശേഷം വിങ് കമാൻഡർ നമൻഷ് സ്യാലിനും ഏവിയേഷൻ മേഖലയോടുള്ള അദ്ദേഹത്തിന്‍റെ സമർപ്പണത്തോടും ആദരമർപ്പിച്ച് പ്രകടനം തുടരാൻ തീരുമാനിക്കുകയായിരുന്നു.  അതിനുശേഷം ആദരമർപ്പിച്ച് ഔദ്യോഗിക ചടങ്ങും നടന്നുവെന്നും അധികൃതര്‍ വിശദീകരിച്ചു.

 

വിങ് കമാന്‍ഡര്‍ക്ക് ആദരമര്‍പ്പിച്ച്  റഷ്യൻ നൈറ്റ്സ് വൈമാനികരുടെ പ്രകടനം

 

അതേസമയം, വിങ് കമാൻഡർ നമൻഷ് സ്യാലിന് ആദരമർപ്പിച്ചുള്ള റഷ്യൻ നൈറ്റ്സ് വൈമാനികരുടെ പ്രകടനം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിനിടയിലാണ്, തേജസ്‌ അപകടത്തിൽ വീരമൃത്യു വരിച്ച വിംഗ് കമാണ്ടർ നമൻഷ് സ്യാലിന്, വ്യോമ അഭ്യാസ പ്രകടനത്തിൽ പിന്നാലെയെത്തിയ റഷ്യൻ നൈറ്റ്സ് വൈമാനികർ ദുബായ് എയർഷോയിൽ ആദരം അർപ്പിച്ച ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സുഖോയ് 30 വിമാനങ്ങൾ കൊണ്ട് ‘മിസിങ് മാൻ ഫോർമേഷൻ ’ തീർത്തായിരുന്നു ഇത്. ‘പറക്കലിന് ഒടുവിൽ തിരിച്ചെത്താത്ത ആകാശത്തെ സഹോദരന്’ എന്നാണ് ഇതിനെ റഷ്യൻ നൈറ്റ്സ് വിശേഷിപ്പിച്ചത്. തേജസ്‌ അപകടത്തിനുശേഷം ആറാമതായി ആയിരുന്നു ഈ പ്രകടനം. വിവിധ മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തിരുന്നു.

 

എയര്‍ഷോ തുടര്‍ന്നതിനെതിരെ അമേരിക്കൻ പൈലറ്റ് 

 

ദുബായ് എയർ ഷോ 2025-ൽ ഇന്ത്യൻ വ്യോമസേനയുടെ തേജസ് വിമാനം തകർന്ന് പൈലറ്റ് വിംഗ് കമാൻഡർ നമൻഷ് സ്യാൽ മരിച്ചതിന് ശേഷവും എയര്‍ ഷോ തുടര്‍ന്നതിനെതിരെ അമേരിക്കൻ പൈലറ്റ് രംഗത്തെത്തിയിരുന്നു. ഷോ തുടരാനുള്ള സംഘാടകരുടെ തീരുമാനം ഞെട്ടിച്ചുവെന്നായിരുന്നു യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സ് പൈലറ്റ് മേജർ ടെയ്ലർ ഫെമ ഹൈസ്റ്റർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇന്ത്യൻ പൈലറ്റിനോടും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളോടുമുള്ള ആദര സൂചകമായി തന്‍റെ ടീം അവസാന പ്രകടനം റദ്ദാക്കിയതായും അദ്ദേഹം കുറിച്ചിരുന്നു. 1500 മണിക്കൂറിലധികം പറക്കൽ പരിചയമുള്ള ടെക്സാസ് സ്വദേശിയായ എഫ്-16 വൈപ്പർ ഡെമോൺസ്‌ട്രേഷൻ ടീം കമാൻഡറാണ് ഹൈസ്റ്റർ. തേജസ് വിമാനം തീപിടിച്ചപ്പോൾ, സ്വന്തം പ്രകടനത്തിനായി തയ്യാറെടുക്കുകയായിരുന്നു അദ്ദേഹം. പെട്ടെന്നുള്ള ആ അനുഭവം തനിക്ക് ഞെട്ടലും അസ്വസ്ഥതയും ഉണ്ടാക്കിയെന്ന് ഹൈസ്റ്റർ പറഞ്ഞു. അമേരിക്കൻ പൈലറ്റിന്‍റെ പോസ്റ്റ് ചര്‍ച്ചയായതോടെയാണ് സംഘാടകര്‍ ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്.

 

അമേരിക്കൻ പൈലറ്റിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം

 

"രണ്ട് വർഷമായി ഈ ജോലി ചെയ്യുന്നു, ഞങ്ങളുടെ ടീമിന് ഇത് ആദ്യത്തെ അനുഭവമായിരുന്നു. ഒഴിഞ്ഞുകിടക്കുന്ന പാർക്കിംഗ് സ്ഥലത്തിന് അടുത്ത് എയർക്രാഫ്റ്റ് ലാഡർ നിലത്ത് വെച്ച്, പൈലറ്റിന്‍റെ സാധനങ്ങൾ വാടക കാറിൽ സൂക്ഷിച്ച് നിസഹായരായി നിൽക്കുന്ന ഇന്ത്യൻ മെയിൻ്റനൻസ് ക്രൂവിനെക്കുറിച്ച് ഞങ്ങൾ നിശബ്ദമായി ആലോചിച്ചു, തീയണച്ചതിന് ശേഷവും എയർ ഷോ തുടരുമെന്ന് സംഘാടകർ അറിയിച്ചു. ഞങ്ങളുടെ ടീം അവിടെ നിന്നും മാറിയിരുന്നു. ഒരു മണിക്കൂറിന് ശേഷം തിരികെ വന്നപ്പോൾ അനൗൺസർ ആവേശത്തോടെ സംസാരിക്കുന്നതും ആളുകൾ ഷോ കാണുന്നതും കണ്ടപ്പോൾ താൻ നിരാശനായി. ദുരന്തത്തിൽ മരവിച്ചു നിൽക്കുന്ന തേജസ് ക്രൂവിന്‍റെ അടുത്ത് കൂടി കടന്നുപോകുമ്പോൾ, ഒഴിഞ്ഞ പാർക്കിംഗ് സ്ഥലവും, വിമാനത്തിൽ കയറാൻ ഉപയോഗിച്ച ലാഡറും വാടക കാറിലെ പൈലറ്റിന്‍റെ സാധനങ്ങളും കണ്ടു, കോക്പിറ്റിൽ കയറുന്ന ഓരോ വൈമാനികന്‍റെയും നിശ്ശബ്ദമായ ഭയം അവരിൽ ഉണ്ടായിരുന്നു. ഷോ പുനരാരംഭിച്ചപ്പോൾ, ഞങ്ങളുടെ എല്ലാ സ്പോൺസർമാർക്കും അഭിനന്ദനങ്ങൾ... 2027-ൽ കാണാം" എന്ന് അനൗൺസ് ചെയ്തപ്പോൾ, തനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായും ഹൈസ്റ്റർ പറഞ്ഞു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദുബൈയിൽ നിന്ന് ഹൈദരാബാദിലെത്തിയ എമിറേറ്റ് വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പുറത്തിറക്കി ബോംബ് സ്‌ക്വാഡിന്‍റെ പരിശോധന
കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, ന്യൂഇയർ ആഘോഷത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്