ഇസിയുടെ വാർത്താക്കുറിപ്പ് ആരോപണങ്ങൾ ശരിവയ്ക്കുന്നത്, എസ്ഐആർ ഉടൻ റദ്ദാക്കണം, ഗ്യാനേഷിന്‍റെ രാജി ആവശ്യവും ശക്തമാക്കി കോൺഗ്രസ്; ന്യായീകരിച്ച് ബിജെപി

Published : Sep 26, 2026, 08:15 PM ISTUpdated : Sep 26, 2026, 08:17 PM IST
gyanesh kumar

Synopsis

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താക്കുറിപ്പ് തങ്ങളുടെ ആരോപണങ്ങൾ ശരിവെക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് ആവശ്യപ്പെട്ടു. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി എസ്ഐആർ നടപടികൾ റദ്ദാക്കണമെന്നും കോൺഗ്രസ് വ്യക്തമാക്കി

ദില്ലി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗത്തിന് ശേഷം പുറത്തിറക്കിയ ഇന്നത്തെ വാർത്താക്കുറിപ്പ് തങ്ങൾ ഉയർത്തിയ ആരോപണങ്ങൾ ശരിവെക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം കോൺഗ്രസ് ശക്തമാക്കി. മുൻപ് പുറത്തുവന്ന ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇന്നത്തെ വാർത്താക്കുറിപ്പിലും പൂർണ്ണമായി തള്ളിക്കളയാൻ കമ്മീഷനായിട്ടില്ലെന്ന് പാർട്ടി വ്യക്തമാക്കി. കമ്മീഷന്റെ വിശദീകരണം കൂടുതൽ സംശയങ്ങളും ചോദ്യങ്ങളും ഉയർത്തുന്നതാണെന്നും ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെച്ച് ഒഴിയണമെന്നും എ ഐ സി സി വക്താവ് ജയ്റാം രമേശ് ആവശ്യപ്പെട്ടു. ഗോവയിൽ ക്രമക്കേട് പിടിക്കപ്പെട്ടപ്പോൾ മാത്രമാണ് ഒഴിവാക്കപ്പെട്ട 97 വോട്ടർമാരെ തിരികെ പട്ടികയിൽ ചേർത്തതെന്ന് വാർത്താക്കുറിപ്പിലൂടെ വ്യക്തമായതായി കോൺഗ്രസ് ആരോപിച്ചു. ദില്ലിയിലും മഹാരാഷ്ട്രയിലും പരാതി നൽകാനുള്ള തീയതി നീട്ടിനൽകിയ കമ്മീഷൻ എന്തുകൊണ്ട് കർണാടകയിലും തെലങ്കാനയിലും സമാനമായ നടപടി സ്വീകരിച്ചില്ലെന്ന് ജയ്റാം രമേശ് ചോദിച്ചു. ബംഗാളിലും ബീഹാറിലും വോട്ടവകാശം നഷ്ടപ്പെട്ടവരോട് മറുപടി പറയാൻ കമ്മീഷൻ തയ്യാറാകണമെന്നും എസ് ഐ ആർ നടപടികൾ ഉടൻ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗ്യാനേഷിനെ ന്യായീകരിച്ച് ബി ജെ പി

അതേസമയം ഗ്യാനേഷ് കുമാറിനെ പൂർണ്ണമായും ന്യായികരിച്ചും പിന്തുണച്ചും ബി ജെ പി രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രസ്താവനയിലൂടെ കോൺഗ്രസും രാഹുൽ ഗാന്ധിയും ഉന്നയിച്ച വാദങ്ങൾ കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ബി ജെ പി നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു. ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിപ്രവർത്തിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്. കേരളത്തിലടക്കം ബി ജെ പിയല്ല കോൺഗ്രസാണ് വിജയിച്ചതെന്നും, പല സംസ്ഥാനങ്ങളിലും പാർട്ടി തുടച്ചുനീക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് രാഹുൽ ഗാന്ധി സ്വയം ചിന്തിക്കണമെന്നും ബി ജെ പി നേതാക്കൾ കൂട്ടിച്ചേർച്ചു.

ഇസിയുടെ വാർത്താക്കുറിപ്പിൽ പറയുന്നത്

ഭിന്നത വിവാദങ്ങൾ പുകയുന്നതിനിടെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് സുപ്രധാന യോഗം ചേർന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരും പങ്കെടുത്ത യോഗത്തിൽ ഉയർന്ന വിയോജിപ്പുകൾ ചർച്ച ചെയ്യുകയും ചില വിട്ടുവീഴ്ചകൾക്ക് കമ്മീഷൻ തയ്യാറാവുകയും ചെയ്തു. എസ്‌.ഐ.ആറിലെ (SIR) പരാതികൾ പരിശോധിച്ച കമ്മീഷൻ, എസ്‌.ഐ.ആർ. പൂർത്തിയായ സംസ്ഥാനങ്ങളിൽ പുറത്തായ വോട്ടർമാർക്ക് വീണ്ടും അപേക്ഷിക്കാൻ പ്രത്യേക ഡ്രൈവുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. എസ്‌.ഐ.ആറിനൊപ്പമുള്ള ഫോം 6-ൽ മാറ്റമില്ലെങ്കിലും സാധാരണ ഘട്ടങ്ങളിൽ പുതിയ വോട്ടർമാർക്ക് പഴയ ഫോം 6 തന്നെ ഉപയോഗിക്കാം. കേന്ദ്ര കമ്മീഷന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള ഇ.സി.ഐ. നെറ്റ് (ECI NET) സംവിധാനത്തിൽ മാറ്റങ്ങൾ വേണമെന്ന ആവശ്യത്തിൽ വിദഗ്ധ സമിതിയെ നിയോഗിച്ചു. ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഈ സമിതി വിഷയം വിശദമായി പരിശോധിക്കും. കൂടാതെ ദില്ലിയിൽ കരട് വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് വലിയ പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ, നോട്ടീസ് ലഭിച്ചവർ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും ബി.എൽ.ഓമാർ വീട്ടിലെത്തി ഹിയറിംഗ് നടത്തുമെന്നും വ്യക്തമാക്കി. അത്യാവശ്യമെങ്കിൽ ഓൺലൈൻ ഹിയറിംഗിനും സൗകര്യമൊരുക്കും. പരാതികൾ സമർപ്പിക്കാനുള്ള തീയതി ഒക്ടോബർ 30 വരെ നീട്ടിയിട്ടുണ്ട്. ഗോവയിൽ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായ 97 പേരിൽ 81 പേരുടെ വീടുകളിലെത്തി ബി.എൽ.ഓമാർ ഫോം ശേഖരിച്ച് ഫയൽ ചെയ്തതായി കമ്മീഷൻ അറിയിച്ചു. പാവപ്പെട്ടവർ, തൊഴിലാളികൾ, തെരുവിൽ കഴിയുന്നവർ എന്നിവർക്കായി പ്രത്യേക ക്യാമ്പുകളും ഹെൽപ്പ് ഡെസ്കുകളും തുറക്കും. എസ്‌.ഐ.ആറുമായി ബന്ധപ്പെട്ട് കൈക്കൊണ്ട തീരുമാനങ്ങൾ എല്ലാം തന്നെ ഏകകണ്ഠമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജിജി തോംസന്‍റെ വെളിപ്പെടുത്തൽ, ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പങ്കുവച്ച് രാഹുൽ ഗാന്ധി; 'മോദിയും ഷായും ഗ്യാനേഷ് കുമാറിന് മാച്ച് ഫിക്സിംഗ് ചുമതല നൽകി'
‘ബദ്രിനാഥിൽ ഡിജെ പരിപാടികളല്ല നടത്തേണ്ടത്’; രൂക്ഷ വിമർശനവുമായി മുരളി മനോഹർ ജോഷി