സോണിയ ഗാന്ധിയുടെ പുതിയ ഓർമ്മക്കുറിപ്പിൽ മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിനെ അവഗണിച്ചതിൽ കോൺഗ്രസിനുള്ളിൽ കടുത്ത അതൃപ്തി പുകയുന്നു. ബാബറി മസ്ജിദ് തകർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഭയന്നാകാം റാവുവിനെ ഒഴിവാക്കിയതെന്ന് പൃഥ്വിരാജ് ചവാൻ പ്രതികരിച്ചു. ഗാന്ധി കുടുംബത്തിന്റെ നടപടിക്കെതിരെ റാവുവിന്റെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്.

ദില്ലി: സോണിയ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പില്‍ മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിനെ അവഗണിച്ചതില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി. നരസിംഹറാവുവിനെ കുറിച്ച് പരാമര്‍ശിക്കുന്നത് രാജ്യത്തെ ചില വിഭാഗങ്ങളെ വേദനിപ്പിക്കുമെന്ന് കരുതിയാകാം സോണിയ ഒഴിവാക്കിയതെന്ന് മുതിര്‍ന്ന നേതാവ് പൃഥ്വിരാജ് ചവാന്‍ വിമര്‍ശിച്ചു. അവഗണനയില്‍ നരസിംഹ റാവുവിന്‍റെ കുടുംബവും അതൃപ്തി അറിയിച്ചു. സോണിയ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പ് ബിലോംഗിഗ് അവഗണനകളുടെ കൂടി പുസ്തകമാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ അതൃപ്തി ഉയര്‍ന്ന് തുടങ്ങുകയാണ്.

നരസിംഹ റാവുവിനോട് പുസ്തകത്തില്‍ സോണിയ കാട്ടുന്ന അവഗണനയെ മുതിര്‍ന്ന നേതാവ് പൃഥ്വിരാജ് ചവാന്‍ ചോദ്യം ചെയ്യുന്നു. റാവു കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന കാലത്തെ കുറിച്ചോ, പ്രധാനമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ സാമ്പത്തിക ഉദാരവത്ക്കരണ നടപടികളെ കുറിച്ചോ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നതേയില്ല. സാമ്പത്തിക ഉദാരവത്ക്കരണത്തില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിനെ സോണിയ ഗാന്ധി പ്രശംസിക്കുകയുമാണ്. മരിച്ച ശേഷം നരസിംഹറാവുവിനോട് പാര്‍ട്ടി അനാദരവ് കാട്ടിയെന്ന വിമര്‍ശനം ശരി വച്ചാണ് സോണിയ ഗാന്ധിയുടെ അവഗണന പ്രഥ്വിരാജ് ചവാന്‍ ചൂണ്ടിക്കാട്ടുന്നത്. ബാബറി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദം ഓര്‍മ്മിച്ചാകാം സോണിയ അദ്ദേഹത്തെ ഒഴിവാക്കിയതെന്ന് പ്രഥ്വിരാജ് ചവാന്‍ ചൂണ്ടിക്കാട്ടുന്നു. അത് ഒരു വിഭാഗത്തിന്‍റെ അതൃപ്തിക്കിടയാക്കമെന്ന് കരുതികാണാമെന്നും പ്രഥ്വിരാജ് ചവാന്‍ പറയുന്നു.

നരസിംഹ റാവുവിന്‍റെ ചെറുമകന്‍ എന്‍ വി സുഭാഷും അവഗണനക്കെതിരെ ശബ്ഗമുയര്‍ത്തി. റാവുവിനോട് എക്കാലത്തും ഇതായിരുന്നു ഗാന്ധി കുടുംബത്തിന്‍റെ സമീപനം. കഴിവുള്ളവരെ മാറ്റി നിര്‍ത്തി സ്വയം ഉയര്‍ത്തിക്കാട്ടുകയെന്നത് പതിവ് രീതിയാണെന്നും തെലങ്കാനയിലെ ബിജെപി വക്താവ് കൂടിയായ എന്‍ വി സുഭാഷ് വിമര്‍ശിച്ചു. അതേ സമയം സോണിയ ഗാന്ധി നേതൃത്വമേറ്റെടുത്തത് മുതല്‍ നരസിംഹറാവുവിനെ പാര്‍ട്ടിയില്‍ നിന്നകറ്റി നിര്‍ത്തിയെന്ന വിമര്‍ശനം നേരത്തെയുണ്ടായിരുന്നു. 2004ല്‍ അദ്ദേഹം അന്തരിച്ചപ്പോള്‍ എഐസിസി ആസ്ഥാനത്ത് പൊതു ദര്‍ശനത്തിനോ സംസ്ക്കാരം ദില്ലിയില്‍ നടത്താനോ പാര്‍ട്ടിയില്‍ നിന്ന് താല്‍പര്യമുണ്ടായില്ല. കേരളത്തില്‍ നിന്ന് എ കെ ആന്‍റണണിയെ മാത്രം പുസ്തകത്തില്‍ സോണിയ ഗാന്ധി പുകഴ്ത്തുമ്പോള്‍ കെ കരുണാകരനടക്കം നേതാക്കളുടെ സംഭവാനകളെ വിസ്മരിച്ചെന്നും ആക്ഷേപമുണ്ട്.