
ദില്ലി: ദില്ലി മദ്യനയ കേസിൽ തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കെ കവിതയെ ഇഡി ശനിയാഴ്ച ചോദ്യം ചെയ്യും. ഹാജരാകാൻ കൂടുതൽ സമയം വേണമെന്ന കവിതയുടെ ആവശ്യം ഇഡി അംഗീകരിച്ചു. തെലങ്കാനയ്ക്ക് കളങ്കമുണ്ടാക്കിയ അഴിമതിയാണ് നടന്നതെന്ന് ബിജെപി വിമർശിച്ചു.
മദ്യനയ കേസിൽ ഇന്ന് ഹാജരാകാനായിരുന്നു ഇഡി കവിതയ്ക്ക് നോട്ടീസ് നൽകിയത്. എന്നാൽ അസൗകര്യം ചൂണ്ടിക്കാണിച്ച് കവിത ഇഡിക്ക് മറുപടി നല്കി. പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണമാവശ്യപ്പെട്ടുള്ള ഉപവാസ സമരത്തിൽ കവിത പങ്കെടുക്കുന്നുണ്ട്. നാളെ ജന്തർ മന്തറിലാണ് ബിആർഎസ് നേതൃത്വം നല്കുന്ന സമരം. ഇത് ചൂണ്ടിക്കാട്ടിയാണ് കവിത് ഇഡിക്ക് മറുപടി നല്കിയത്. മുൻകൂട്ടി നിശ്ചയിച്ചതാണ് പരിപാടിയെന്നും കവിത വ്യക്തമാക്കി.
ഇതംഗീകരിച്ച ഇഡി ശനിയാഴ്ച പതിനൊന്ന് മണിക്ക് ഹാജരാകാനുള്ള നിർദ്ദേശമാണ് നല്കിയിരിക്കുന്നത്. കേസിൽ നേരത്തെ ഹൈദരാബാദ് അസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി വ്യവസായി അരുൺ ആർ പിള്ളയേയും കവിതയുടെ അക്കൗണ്ടൻറിനെയും അറസ്റ്റു ചെയ്തിരുന്നു. മദ്യനയ ഇടപാടിൽ 30 കോടി കൈക്കൂലി ഇവർ മുഖേന കവിതയിലേക്കെത്തി എന്നാണ് ആരോപണം. ബിആർഎസിനെതിരെ വിഷയം രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപി. ആർക്കുമുന്നിലും തലകുനിക്കാത്ത തെലങ്കാനയ്ക്ക് കവിതയുടെ അഴിമതി കളങ്കമായെന്ന് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി പറഞ്ഞു. നാളെ ജന്തർ മന്തറിൽ കവിത നടത്തുന്ന പ്രതിഷേധം മദ്യനയ കേസിൽനിന്നും ശ്രദ്ധ തിരിക്കാനുള്ള നാടകമാണെന്നും ബിജെപി ആരോപിച്ചു. കേസിൽ സിബിഐ അറസ്റ്റ് ചെയ്ത മനീഷ് സിസോദിയയെ ഇഡി ഇന്നും തിഹാർ ജെയിലിലെത്തി ചോദ്യം ചെയ്തു. തുടർച്ചയായി മൂന്നാം ദിവസമാണ് സിസോദിയയെ ചോദ്യം ചെയ്യുന്നത്. .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam